
കൊച്ചി: ടി.വി.എസ് അപാചേയുടെ 2021 എഡിഷനായ 'അപാചേ ആർ.ടി.ആർ 160 വി" വിപണിയിലെത്തി. റേസിംഗ് റെഡ്, നൈറ്റ് ബ്ളാക്ക്, മെറ്റാലിക് ബ്ളൂ നിറഭേദങ്ങളിലായുള്ള ആകർഷക രൂപകല്പന ഏവരുടെയും മനം കവരും. ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ മോഡൽ എന്ന വിശേഷണവുമായി എത്തുന്ന അപാചേ ആർ.ടി.ആർ 160 വിക്ക് 17.63 പി.എസ് കരുത്തുള്ള, 159.7 സി.സി., 4-വാൽവ് ഓയിൽ-കൂൾഡ് എൻജിനാണുള്ളത്. 14.73 എൻ.എം ആണ് ടോർക്ക്. ഗിയറുകൾ അഞ്ച്.
റേസിംഗ് ശൈലിയിലുള്ള വീലുകൾ, സിംഗിൾ ചാനൽ എ.ബി.എസ്., ഡ്രം/ഡിസ്‌ക് വേരിയന്റുകൾ, 12 ലിറ്റർ ഇന്ധനടാങ്ക് കപ്പാസിറ്റി, 180 എം.എം ഗ്രൗണ്ട് ക്ളിയറൻസ് എന്നിങ്ങനെ മികവുകൾ ഈ എൻട്രി-ലെവൽ സ്ട്രീറ്റ് നേക്കഡ് ബൈക്കിനുണ്ട്. അപാചേയുടെ പഴയ രൂപകല്പനാശൈലി പുതിയ മോഡലിലും തുടരുന്നു. എന്നാൽ, സീറ്റുകളിൽ കാർബൺ ഫൈബർ പാറ്റേണോടു കൂടിയ ഡ്യുവൽ-ടോൺ കാണാം. എൽ.ഇ.ഡി ഹെഡ്‌ലാമ്പ് പ്രീമിയം ടച്ച് നൽകുന്നു. ഡിസ്‌ക് വേരിയന്റിന് 1.10 ലക്ഷം രൂപയും ഡ്രം വേരിയന്റിന് 1.07 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.