sius

കെയ്‌റോ: സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുക്കപ്പൽ നീക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടന്നു കൊണ്ടിരിക്കുകയാണ്. ഡച്ച് കമ്പനിയായ റോയൽ ബോസ്‌കാലിസാണ് കപ്പൽ നീക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഗതാഗതം മുടങ്ങിയതോടെ 260

ഓളം ചരക്കുക്കപ്പലുകളാണ് ഇരുവശത്തും കുടുങ്ങിക്കിടക്കുന്നത്. അതേ സമയം സൂയസ് കനാലിൽ ചരക്ക് കപ്പൽ ഭീമൻ എവർ ഗിവൺ കുടുങ്ങിയതിനു പിന്നിൽ സാങ്കേതിക പ്രശ്നങ്ങളുടേയും കപ്പലിലെ ജോലിക്കാരുടേയും ഭാഗത്തുനിന്നുണ്ടായ പിഴവുകളുടേയും സാധ്യത തള്ളിക്കളയാനാവില്ലെന്ന് സൂയസ് കനാൽ അതോറിറ്റി ചീഫ് ഒസാമ റാബി വ്യക്തമാക്കി. മണൽത്തിട്ടയിൽ പുതഞ്ഞ കപ്പലിനെ നീക്കാനുള്ള ശ്രമങ്ങൾ ഊർജിതമാണെന്നും ഞായറാഴ്ച രാത്രിയോടെ ശ്രമങ്ങൾ ഫലവത്തായും കപ്പൽ വീണ്ടും സഞ്ചരിച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു.

വേലിയേറ്റ സമയം പ്രയോജനപ്പെടുത്തി കപ്പൽ വലിച്ചു നീക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഏവരും. ശക്തമായ കാറ്റിനെ തുടർന്ന് കപ്പൽ സൂയസ് കനാലിന് കുറുകെ വരികയും മണൽത്തിട്ടയിൽ ഇടിച്ചുനിൽക്കുകയുമായിരുന്നുവെന്നാണ് അപകടത്തെക്കുറിച്ച് പുറത്തുവന്ന പ്രാരംഭ റിപ്പോർട്ടുകൾ. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെങ്കിലും കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വൃത്തങ്ങൾ പുറത്തുവിട്ടിട്ടില്ല. എവർഗ്രീൻ മറെയിൻ കമ്പനിയുടെ 400 മീറ്റർ നീളവും 59 മീറ്റർ വീതിയുമുള്ള എവർ ഗിവൺ കപ്പൽ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് കനാലിൽ കുടുങ്ങിയത്. കപ്പലിന്റെ മുൻഭാഗത്തെ നൂറുകണക്കിന് കണ്ടെയ്നറുകൾ മാറ്റാനുള്ള ക്രെയ്നുകൾ ഇരുവശത്തും എത്തിയിട്ടുണ്ട്. അതേസമയം ഇരുവശത്തും കുടുങ്ങിക്കിടക്കുന്ന കപ്പലുകളിൽ ഭക്ഷണവും വെള്ളവും പരമാവധി ഒരാഴ്ചയ്‌ത്തേക്കുള്ളതാണ്.

ഒരു ദിവസം 50 കപ്പലുകളാണ് സൂയസ് കനാലിലൂടെ മെഡിറ്ററേനിയൻ ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. ‌

കുറഞ്ഞത് 12 ദിവസം വരെ കൂടുതൽ ചരക്ക് നീക്കത്തിനായി വേണ്ടി വന്നേക്കുമെന്നാണ് കണക്കുകൂട്ടൽ. സൂയസ് കനാലിലൂടെയുള്ള ചരക്ക് നീക്കം സ്തംഭിച്ചതോടെ പ്രതിദിനം 1214 മില്ല്യൺ യുഎസ് ഡോളർ വരെയാണ് ഈജിപ്റ്റിനുണ്ടാവുന്ന വരുമാന നഷ്ടമെന്നും ഒസാമ റാബി കൂട്ടിച്ചേർത്തു.

ക്രൂഡ് ഓയിൽ അടക്കം കോടിക്കണക്കിന് ബില്ല്യൺ വിലമതിക്കുന്ന ചരക്കുകളാണ് എവർ ഗിവണിലും പിന്നാലെ കുടുങ്ങിയ കപ്പലിലുമുള്ളത്.

വരും ദിവസങ്ങളിൽ ഉണ്ടായേക്കാവുന്ന ഇന്ധന പ്രതിസന്ധിയെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൂയസ് കനാലിലെ പ്രതിസന്ധി ആഗോള തലത്തിൽ ക്രൂഡ് ഓയിലിന്റെ വില മൂന്ന് ശതമാനം വർദ്ധിച്ചിട്ടുണ്ട്.

കുടുങ്ങി കിടക്കുന്ന കപ്പലുകളിൽ പതിനായിരക്കണക്കിന് കന്നുകാലികളുള്ളതാണ് സങ്കീർണ്ണമായ മറ്റൊരു പ്രശ്നം. ഇരുപതോളം ചരക്ക് കപ്പലുകളിലായി 92000ത്തോളം കന്നുകാലികൾ കുടുങ്ങിക്കിടക്കുണ്ട്. ഇനിയും ദിവസങ്ങളോളം ഈ അവസ്ഥ തുടർന്നാൽ ഭക്ഷണവും വെള്ളവുമില്ലാതെ ഇവ ചത്തൊടുങ്ങുന്ന അവസ്ഥ ഉണ്ടായേക്കാമെന്ന് അധികൃതർ സൂചിപ്പിച്ചു.