
ബെൽഗ്രേഡ് : യൂറോപ്യൻ മേഖലാ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സെർബിയയ്ക്ക് എതിരെ അവസാന നിമിഷം ക്രിസ്റ്റ്യാനോ റൊണാൾഡോ തൊടുത്ത ഷോട്ട് ഗോൾവര കടന്നിട്ടും ഗോൾ അനുവദിക്കാതിരുന്നതോടെ പോർച്ചുഗലിന് 2-2ന് സമനിലയിൽ പിരിയേണ്ടിവന്നു. മറ്റ് മത്സരങ്ങളിൽ ഹോളണ്ട് ലാത്‌വിയയെയും (2-0) ക്രൊയേഷ്യ സൈപ്രസിനെയും (1–0) റഷ്യ സ്ലോവേനിയയെയും (2–1) തുർക്കി നോർവെയേയും (3–0) ലക്സംബർഗ് റിപ്പബ്ലിക്ക് ഓഫ് അയർലൻഡിനെയും തോൽപ്പിച്ചു.
ഗ്രൂപ്പ് എയിലാണ് പോർച്ചുഗലും സെർബിയയും തമ്മിൽ നാടകീയ നിമിഷങ്ങൾ നിറഞ്ഞ ആവേശപ്പോരാട്ടം അരങ്ങേറിയത്. ലിവർപൂൾ താരം ഡീഗോ ജോട്ട നേടിയ ഇരട്ട ഹെഡർ ഗോളുകളിൽ (11, 36 മിനിട്ടുകൾ) ലീഡെടുത്തത് പോർച്ചുഗലായിരുന്നു. എന്നാൽ, അലക്സാണ്ടർ മിട്രോവിച്ച് (46), ഫിലിപ് കോസ്റ്റിച് (60) എന്നിവരുടെ ഗോളുകളിൽ സെർബിയ ഒപ്പമെത്തി. ഇൻജറി ടൈമിന്റെയും അവസാന മിനിട്ടിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ അനുവദിക്കാതിരുന്നത്.
കലിപ്പോടെ കളം വിട്ട് ക്രിസ്റ്റ്യാനോ
തന്റെ ഗോൾ റഫറി അനുവദിക്കാത്തതിനെതിരെ പൊട്ടിത്തെറിച്ചാണ് പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിന് ഫൈനൽ വിസിൽ മുഴങ്ങും മുമ്പേ ക്യാപ്ടന്റെ ആംബാൻഡ് ഊരിയെറിഞ്ഞ് കളത്തിൽ നിന്ന് കയറിയത്. ഗോളിനായി വാദിച്ച റൊണാൾഡോയ്ക്ക് റഫറി മഞ്ഞക്കാർഡും നൽകിയിരുന്നു.
ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ‘വാറും’ ഗോൾലൈൻ സാങ്കേതിക വിദ്യയും ഉപയോഗിക്കാത്ത സാഹചര്യത്തിലാണ് ഉറപ്പുള്ള ഗോളും വിജയവും പോർച്ചുഗലിന് നഷ്ടമായത്. ബോക്സിലേക്ക് ഉയർന്നുവന്ന പന്ത് ദുഷ്കരമായ ആംഗിളിൽനിന്ന് ഗോൾകീപ്പറെ കബളിപ്പിച്ചാണ് ക്രിസ്റ്റ്യാനോ വലയിലേക്ക് തിരിച്ചുവിട്ടത്. സെർബിയൻ താരം സ്റ്റീഫൻ മിട്രോവിച്ച് നിരങ്ങിയെത്തി പന്ത് പുറത്തേക്കടിച്ചെങ്കിലും, അതിനു മുൻപേ പന്ത് ഗോൾവര കടന്നിരുന്നു. ഗോളാണെന്ന ധാരണയിൽ റൊണാൾഡോ ആഘോഷത്തിലേക്ക് കടന്നെങ്കിലും സൈഡ് റഫറിയുമായി ആലോചിച്ച് ഡച്ച് റഫറി ഡാനി മക്കലി ഗോൾ നിഷേധിച്ചു. ഇതോടെ ക്രിസ്റ്റ്യാനോ ക്രുദ്ധനായി. മത്സരശേഷം ഇൻസ്റ്റഗ്രാമിലൂടെയും അദ്ദേഹം തന്റെ പ്രതിഷേധം പരസ്യമാക്കി.