
ന്യൂഡൽഹി: ഇന്ത്യൻ വനിതാ ഏകദിന ടീം ക്യാപ്റ്റൻ മിതാലി രാജിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിതാലിയുടെ വിജയഗാഥ വനിതകൾക്ക് മാത്രമല്ല എല്ലാ ക്രിക്കറ്റ് താരങ്ങൾക്കും പ്രചോദനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.വനിതാ ക്രിക്കറ്റിന് താരം നൽകിയ സംഭാവന വളരെവലുതാണെന്നും പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പറഞ്ഞു.

രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ കരിയറിലൂടെ അവർ പലർക്കും പ്രചോദനമായിട്ടുണ്ട്. അവരുടെ കഠിനാധ്വാനത്തിന്റെയും വിജയത്തിന്റെയും കഥ സ്ത്രീകൾക്ക് മാത്രമല്ല പുരുഷ ക്രിക്കറ്റ് താരങ്ങൾക്കും പ്രചോദനമാണെന്നും മോദി പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,000 റൺസ് പിന്നിടുന്ന ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്റ്താരമെന്ന നേട്ടം അടുത്തിടെ മിതാലി സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തിൽ താരത്തെ അഭിനന്ദിക്കാനും പ്രധാനമന്ത്രി മറന്നില്ല.

ഇംഗ്ലണ്ടിന്റെ ഷാർലറ്റ് എഡ്വേഡിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,000 റൺസ് എന്ന നേട്ടത്തിലെത്തുന്ന രണ്ടാമത്തെ വനിതയാണ് മിതാലി. ഏകദിനത്തിലെ റൺവേട്ടക്കാരികളുടെ പട്ടികയിൽ എഡ്വേഡ് മിതാലിക്ക് പിറകിലാണ്. ഏകദിനത്തിൽ 7,000 റൺസ് നേടിയ ആദ്യ വനിതാ ക്രിക്കറ്റ് താരവും കൂടിയാണ് മിതാലി. 311 മത്സരങ്ങളിൽ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 1999ലാണ് മിതാലി ഇന്ത്യയ്ക്കു വേണ്ടി അരങ്ങേറ്റം നടത്തിയത്.