repo

കൊച്ചി: ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് നിശ്ചയിക്കാൻ പ്രധാന മാനദണ്ഡമാക്കുന്ന റിപ്പോനിരക്ക് 2019 ഫെബ്രുവരിയിൽ 6.25 ശതമാനമായിരുന്നു. ആ വർഷം അവസാനിക്കുമ്പോഴേക്കും നിരക്ക് റിസർവ് ബാങ്ക് 5.15 ശതമാനത്തിലേക്ക് താഴ്‌ത്തി. പിന്നീട് കൊവിഡ് ആഞ്ഞടിപ്പോൾ, പൊതുജനത്തിനും സാമ്പത്തിക ലോകത്തിനും ആശ്വാസമേകാനായി 2020 മേയ് മാസത്തോടെ നിരക്ക് നാലു ശതമാനമായി കുറച്ചു. ദശാബ്‌ദത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

കൊവിഡ് കാലത്ത് നാണയപ്പെരുപ്പം കൂടിയതിനാൽ പിന്നീട് ഇതുവരെ റിപ്പോനിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറായിട്ടില്ല. കൊവിഡ് പ്രതിസന്ധി അയയുകയും നാണയപ്പെരുപ്പം മെല്ലെ താഴേക്കിറങ്ങുകയും ചെയ്‌ത സാഹചര്യത്തിൽ അടുത്തയോഗത്തിൽ റിസർവ് ബാങ്ക് പലിശഭാരം കുറച്ചേക്കുമെന്ന വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ, പ്രതീക്ഷകൾക്കുമേൽ മങ്ങലേൽപ്പിക്കുകയാണ് കൊവിഡിന്റെ രണ്ടാംവരവ്. ഏപ്രിൽ ഏഴിന് പ്രഖ്യാപിക്കുന്ന ധനനയത്തിലും പലിശനിരക്ക് മാറ്റാനിടയില്ലെന്നാണ് ഒടുവിലെ സൂചനകൾ.

സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് രാജ്യം കരകയറവേയാണ് തിരിച്ചടിയായി വീണ്ടും കൊവിഡ് കേസുകൾ കൂടുന്നത്. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ധനനയ നിർണയ സമിതി (എം.പി.സി) സ്ഥിതി വീണ്ടും അനുകൂലമാകുംവരെ കാത്തിരിക്കാനാണ് സാദ്ധ്യത. ജനുവരിയിൽ 4.06 ശതമാനമായിരുന്ന റീട്ടെയിൽ നാണയപ്പെരുപ്പം ഫെബ്രുവരിയിൽ 5.03 ശതമാനമായി ഉയർന്നതും പലിശയിളവിന് തടസമാണ്. നാണയപ്പെരുപ്പം വീണ്ടും കൂടിയേക്കുമെന്ന വിലയിരുത്തലുകളും തിരിച്ചടിയാകുന്നു.

കൂടുമോ പലിശഭാരം?

നാണയപ്പെരുപ്പം പരിധിവിട്ടാൽ അടുത്ത സാമ്പത്തിക വർഷം (2021-22) റിസർവ് ബാങ്ക് റിപ്പോനിരക്ക് കൂട്ടാനും സാദ്ധ്യതയുണ്ട്. റിപ്പോനിരക്ക് 2021-22ൽ 0.25 ശതമാനവും 2022-23ൽ 0.50 ശതമാനവും വർദ്ധിപ്പിച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.