india-football

ദുബായ് : കൊവിഡ് ഇടവേളയ്ക്ക് ശേഷമുള്ള രണ്ടാമത്തെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനായി ഇന്ത്യ ഇന്ന് ദുബായ്‌യിൽ യു.എ.ഇയ്ക്കെതിരെ കളത്തിലിറങ്ങുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒമാനെ 1-1ന് സമനിലയിൽ തളച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ അവരേക്കാൾ ശക്തരായ യു.എ.ഇയെ നേരിടാൻ ഇറങ്ങുന്നത്.

ഒരു വർഷത്തിലേറെയായി കളത്തിലിറങ്ങാൻ അവസരം ലഭിക്കാതിരുന്ന ടീമിൽ വലിയ പരീക്ഷണങ്ങൾ നടത്തുകയായിരുന്നു ഒമാനെതിരെ ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാച്ച്.പത്തുപേരാണ് ഈ മത്സരത്തിൽ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറിയത്. ആദ്യ പകുതിയിൽ ഇന്ത്യൻ പുതുനിരയ്ക്ക് പന്തു കാലിൽ കിട്ടാനേയില്ലായിരുന്നുവെങ്കിൽ രണ്ടാം പകുതിയിൽ ഒരു ഗോൾ തിരിച്ചടിക്കാൻ കഴിഞ്ഞു.ആദ്യ പകുതിയിൽ സെൽഫ് ഗോളിലൂടെ ഒമാനുവേണ്ടി വലകുലുക്കിയതും ഇന്ത്യൻ താരങ്ങളാണ്. രണ്ടാം പകുതിയിലെ പ്രതിരോധാത്മക നീക്കങ്ങളാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നത്.

ഇന്നത്തെ എതിരാളികൾ ഒമാനെക്കാൾ കരുത്തരാണെങ്കിലും പരീക്ഷണങ്ങൾ തുടരുകതന്നെ ചെയ്യുമെന്ന് സ്റ്റിമാച്ച് അറിയിച്ചിട്ടുണ്ട്. ഒമാനെതിരെ സുനിൽ ഛെത്രി ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ലാലിയൻസുവാല ചാംഗ്തെയും ഇഷാൻ പണ്ഡിതയും ബിപിൻ സിംഗുമാണ് മുന്നേറ്റത്തിൽ കളിച്ചത്.പ്രതിരോധത്തിൽ സന്ദേശ് ജിംഗാനും മിഡ്ഫീൽഡിൽ മലയാളി താരം ആഷിഖ് കുരുണിയനും കളിച്ചിരുന്നു. ജിംഗാൻ ഇന്ന് കളിച്ചേക്കില്ലെന്നാണ് സ്റ്റിമാച്ച് അറിയിച്ചിരിക്കുന്നത്.ഗോളി അമരീന്ദർ സിംഗിന് പകരം ഗുർപ്രീതും കളത്തിലിറങ്ങും.

ജൂണിൽ ഇന്ത്യയ്ക്ക് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മൂന്ന് മത്സരങ്ങളുണ്ട്. ഇതിനായി ടീം ഒരുക്കുന്നതിനായാണ് ഇന്ത്യ സൗഹൃദമത്സരങ്ങൾക്കെത്തിയിരിക്കുന്നത്.