
കൊൽക്കത്ത: തൃണമൂൽ സംസ്ഥാന സമിതി അംഗം ഛത്രാധർ മഹാതോവിനെയാണ് ഝർഗ്രാം ജില്ലയിലെ ലാൽഗഢിലെത്തി ദേശീയ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ആഴ്ചയിൽ മൂന്നു ദിവസം എൻ.ഐ.എക്കു മുമ്പാകെ ഹാജരാകണമെന്ന ഉത്തരവ് പാലിക്കാത്തതാണ് അറസ്റ്റിനു വഴിവച്ചതെന്നാണ് സൂചന. മഹാതോ ഉറങ്ങുന്ന സമയത്ത് 40 ഓളം പേരടങ്ങുന്ന സംഘമെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കുടുംബം അറസ്റ്റ് വാറന്റ് കൈപ്പറ്റാൻ വിസമ്മതിച്ചതിനെ തുടർന്ന് വലിച്ചിഴച്ചാണ് വാഹനത്തിലെത്തിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കൗശിക് സിൻഹ പറയുന്നു. സംഘഷർത്തിനിടെ പൊലീസുകാരന് പരിക്കേറ്റു. 2009ൽ ലാൽഗഢിലെ മാവോവാദി കലാപത്തിനിടെ സി.പി.എം നേതാവ് പ്രബീർ ഘോഷ് കൊല്ലപ്പെട്ട സംഭവത്തിലുൾപെടെ നിരവധി കേസുകളിൽ പ്രതി ചേർക്കപ്പെട്ടയാളാണ് മഹാതോ. അന്ന് അറസ്റ്റിലായ മഹാതോയെ വിട്ടയക്കാൻ മാവോയിസ്റ്റുകൾ ഭുവനേശ്വർ രാജ്ധാനി എക്സ്പ്രസ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയിരുന്നു. ഇദ്ദേഹത്തിനെതിരെ യു.എ.പി.എയും ചുമത്തപ്പെട്ടിരുന്നു.