
മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഏഴ് റൺസ് ജയം
ടെസ്റ്റിനും ട്വന്റി-20ക്കും പിന്നാലെ ഏകദിനത്തിലും ഇന്ത്യയ്ക്ക് പരമ്പര
പൂനെ : ഒറ്റയാനെപ്പോലെ പൊരുതിയ സാം കറാന്റെ ബാറ്റിംഗിനും ഇന്ത്യയെ വീഴ്ത്താനായില്ല. ഇന്നലെ പൂനെയിൽ നടന്ന അവസാന മത്സരത്തിൽ ഏഴുറൺസിന് ജയിച്ച ഇന്ത്യ ഇംഗ്ളണ്ടിനെതിരായ ഏകദിനപരമ്പര 2-1നാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.2 ഒാവറിൽ 329 റൺസടിച്ചപ്പോൾ സന്ദർശകർക്ക് 322/9ലേ എത്താനായുള്ളൂ.95 റൺസുമായി പുറത്താകാതെ നിന്ന സാം കറാനാണ് മത്സരത്തിന് ആവേശം പകർന്നത്. ഇതോടെ ടെസ്റ്റ്,ട്വന്റി-20 ,ഏകദിനം എന്നിങ്ങനെ പര്യടത്തിലെ എല്ലാഫോർമാറ്റുകളിലും ഇംഗ്ളണ്ട് പരമ്പര ഇന്ത്യയ്ക്ക് അടിവയറവ് വച്ചു.
അർദ്ധസെഞ്ച്വറികൾ നേടിയ ശിഖർ ധവാനും (67),റിഷഭ് പന്തും (78),ഹാർദിക്ക് പാണ്ഡ്യയും (64) പിന്തുണ നൽകിയ രോഹിത് ശർമ്മയും (37),ശാർദൂൽ താക്കൂറും (30), ക്രുനാൽ പാണ്ഡ്യയും (25) ചേർന്നാണ് ഇന്നലെ 329ലെത്തിച്ചത്.
ആദ്യ മത്സരങ്ങളിൽ ഇന്ത്യൻ ബാറ്റിംഗ് പതിയെത്തുടങ്ങി അവസാന കൊട്ടിക്കയറുകയായിരുന്നുവെങ്കിൽ ഇന്നലെ നന്നായി തുടങ്ങിയിട്ടും നല്ല രീതിയിൽ ഫിനിഷ് ചെയ്യാൻ കഴിയാതെ പോവുകയായിരുന്നു. 50 ഓവർ തികച്ച് ബാറ്റുചെയ്യാൻ ഇന്ത്യയ്ക്ക് കഴിഞ്ഞതുമില്ല. റൺറേറ്റിൽ പിന്നോട്ടുപോയില്ലെങ്കിലും ഇടയ്ക്കിടെ വിക്കറ്റുകൾ നഷ്ടമായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
ഓപ്പണിംഗിൽ 88 പന്തുകളിൽ രോഹിത് ശർമ്മയും ശിഖർ ധവാനും കൂട്ടിച്ചേർത്ത 103 റൺസായിരുന്നു ഇന്ത്യയുടെ അടിത്തറ. നിരന്തരം ബൗണ്ടറികളുമായി ധവാൻ തുടക്കം മുതൽ നല്ല ഫോമിലായിരുന്നു. കൂട്ടുകെട്ട് സെഞ്ച്വറി തികച്ചതിന് പിന്നാലെ രോഹിതിനെ റാഷിദ് ക്ളീൻബൗൾഡാക്കിയത് തിരിച്ചടിയായി. റാഷിദിന്റെ പന്ത് രോഹിതിന്റെ ബാറ്റിനും പാഡിനും ഇടയിലൂടെ പാഞ്ഞ് സ്റ്റംപ് ഇളക്കുകയായിരുന്നു.അധികം വൈകാതെ ധവാനും കൊഹ്‌ലിയും(7) കൂടി കൂടാരം കയറിയതോടെ ഇന്ത്യ 121/3 എന്ന നിലയിലായി. 56 പന്തുകളിൽ 10 ബൗണ്ടറികളടക്കം 67 റൺസടിച്ച ധവാനെ 17-ാംഓവറിൽ റാഷിദ് സ്വന്തം ബൗളിംഗിൽ പിടികൂടിയപ്പോൾ അടുത്ത ഓവറിൽ വിരാടിനെ മൊയീൻ ക്ളീൻ ബൗൾഡാക്കുകയായിരുന്നു.
തുടർന്ന് ക്രീസിലെത്തിയ കെ.എൽ രാഹുലിന് അധികം പിടിച്ചുനിൽക്കാനായില്ല.ഏഴു റൺസെടുത്ത രാഹുലിനെ 25-ാം ഓവറിൽ ലിവിംഗ്സ്റ്റൺ അലിയുടെ കയ്യിലെത്തിച്ചു.അഞ്ചാം വിക്കറ്റിൽ ഒരുമിച്ച റിഷഭ് പന്തിന്റെയും ഹാർദിക്ക് പാണ്ഡ്യയുടെയും ഇന്നിംഗ്സുകളാണ് ഇന്ത്യയെ ഗതിവേഗം വീണ്ടെടുക്കാൻ സഹായിച്ചത്. വെടിക്കെട്ട് ഷോട്ടുകളുമായി ഇരുവരും കളം നിറഞ്ഞുകളിച്ചതോടെ 70 പന്തുകളിൽ നിന്ന് ഇന്ത്യൻ സ്കോർ ബോർഡിലെത്തിയത് 99 റൺസാണ്. തന്റെ സ്വതസിദ്ധശൈലിയിലുള്ള ഷോട്ടുകൾ പറപ്പിച്ച റിഷഭ് അഞ്ചു ഫോറും നാലു സിക്സുകളുമടക്കമാണ് കരിയറിലെ മൂന്നാം ഏകദിന അർദ്ധസെഞ്ച്വറിയിലെത്തിയത്. അർദ്ധശതകം കടക്കാൻ 37 പന്തുകൾ മാത്രമാണ് റിഷഭിന് വേണ്ടിവന്നത്.36-ാം ഓവറിൽ കീപ്പറുടെ കയ്യിലെത്തിച്ച് സാം കറാൻ റിഷഭിന്റെ പോരാട്ടം അവസാനിപ്പിച്ചത്.
വീണ്ടും പോരാട്ടം തുടർന്ന ഹാർദിക്ക് 39-ാം ഓവറിൽ ടീമിനെ 276ലെത്തിച്ച് കൂടാരം കയറി.44 പന്തുകൾ നേരിട്ട ഹാർദിക്കും അഞ്ചു ഫോറും നാലു സിക്സും പറത്തി.സ്റ്റോക്സ് ഹാർദിക്കിനെ ക്ളീൻ ബൗൾഡാക്കുകയായിരുന്നു.തുടർന്ന് ക്രുനാൽ പാണ്ഡ്യയും ശാർദൂൽ താക്കൂറും ചേർന്ന് 300 കടത്തി. അവസാനം വരെ നിൽക്കാനായി ക്രുനാൽ വിക്കറ്റ് കാത്ത് കളിച്ചപ്പോൾ ശാർദൂൽ ഒരു ഫോറും മൂന്ന് സിക്സും പായിച്ചു.46-ാം ഓവറിൽ മാർക്ക് വുഡ് ശാർദൂലിനെ കീപ്പർക്യാച്ചിൽ പുറത്താക്കി.തന്റെ അടുത്ത ഓവറിൽ ക്രുനാലിനെയും പ്രസിദ്ധ് കൃഷ്ണയെയും(0) കൂടി മാർക്ക് വുഡ് കൂടാരം കയറ്റി.49-ാം ഓവറിൽ ഭുവനേശ്വറിനെ (3) കറാന്റെ കയ്യിലെത്തിച്ച് ടോപ്ളേ ഇന്ത്യൻ ഇന്നിംഗ്സിന് കർട്ടനിട്ടു.
മറുപടിക്കിറങ്ങിയ ഇംഗ്ളണ്ടിന്റെ ഇൻഫോം ഓപ്പണർ ജേസൺ റോയ്‌യെ (14) ആദ്യ ഓവറിന്റെ അവസാന പന്തിൽ ക്ളീൻ ബൗൾഡാക്കി ഭുവനേശ്വർ ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകി.മൂന്നാം ഓവറിൽ ബെയർസ്റ്റോയെയും (14) അയച്ചു.കഴിഞ്ഞ കളിയിൽ സെഞ്ച്വറി നേടിയ ബെയർസ്റ്റോ എൽ.ബിയിൽ കുരുങ്ങിയാണ് മടങ്ങിയത്.എന്നാൽ ഇന്ത്യയ്ക്ക് ഏറ്റവും സന്തോഷം ലഭിച്ചത് 11-ാം ഓവറിൽ നടരാജൻ ബെൻ സ്റ്റോക്സിനെ (35) ധവാന്റെ കയ്യിലത്തിച്ചപ്പോഴാണ്. ഇതോടെ ഇംഗ്ളണ്ട് 68/3 എന്ന നിലയിലായി.
പിന്നീട് ശാർദൂൽ താക്കൂറിന്റെ ഉൗഴമായിരുന്നു.നായകനായിറങ്ങിയ ബട്ട്‌ലറെയും (15) പൊരുതിനിന്ന ലിവിംഗ്സ്റ്റണിനെയും (36) അർദ്ധസെഞ്ച്വറിനേടിയ മലാനെയും (50) താക്കൂർ മടക്കി അയച്ചതോടെ സന്ദർശകർ 25.4ഓവറിൽ 168/6 എന്ന നിലയിലായി.31-ാം ഓവറിൽ ടീം സ്കോർ 200ലെത്തിയപ്പോൾ മൊയീൻ അലിയും കൂടാരം കയറി .25 പന്തുകളിൽ രണ്ടുവീതം സിക്സും ഫോറുമടക്കം 29 റൺസെടുത്ത അലിയെ ഭുവി ഹാർദിക്കിന്റെ കയ്യിലെത്തിക്കുകയായിരുന്നു.
എട്ടാം വിക്കറ്റിൽ സാം കറാനും ആദിൽ റഷീദും പൊരുതിയത് ഇന്ത്യയെ അൽപ്പം സമ്മർദ്ദത്തിലാക്കി. 37 ഓവറിൽ ഇവർ 250 കടത്തി.39-ാം ഓവറിൽ തകർപ്പനൊരു ഒറ്റക്കയ്യൻ ക്യാച്ചിലൂടെ കൊഹ്‌ലി ആദിലിനെ പുറത്താക്കി ഇന്ത്യയെ കളത്തിലേക്ക് തിരികെ കൊണ്ടുവന്നു.താക്കൂറായിരുന്നു ബൗളർ.അവസാന പത്തോവറിൽ രണ്ട് വിക്കറ്റുകൾ മാത്രം കയ്യിലിരിക്കേ 70 റൺസായിരുന്നു ഇംഗ്ളണ്ടിന് വേണ്ടത്.മാർക്ക് വുഡിനെക്കൂട്ടി കറാൻ പോരാട്ടം തുടർന്നതോടെ ഇത് ആറോവറിൽ 51 റൺസായി. അർദ്ധസെഞ്ച്വറി പിന്നിട്ട കറാൻ ബൗണ്ടറികളും നേടാൻ തുടങ്ങിയതോടെ അവസാന ഓവറുകളിൽ ഇന്ത്യ സമ്മർദ്ദത്തിലായി.അവസാന രണ്ടോവറിൽ 19 റൺസാണ് വേണ്ടിയിരുന്നത്. അവസാന ഓവറിൽ 14 റൺസും. എന്നാൽ ആദ്യപന്തിൽ വുഡ് റൺഔട്ടായി. പിന്നെ ഒരു ബൗണ്ടറികൂടി നേടാനേ കറാന് കഴിഞ്ഞുള്ളൂ.
5000 കടന്ന് രോഹിത് -ധവാൻ സഖ്യം
രോഹിത് ശർമ്മ -ശിഖർ ധവാൻ സഖ്യം ഏകദിനത്തിൽ 5000 റൺസ് കൂട്ടിച്ചേർക്കുന്ന രണ്ടാമത്തെ ഇന്ത്യൻ സഖ്യമായി. സച്ചിനും സൗരവ് ഗാംഗുലിയുമാണ് ആദ്യം ഈ നേട്ടം കരസ്ഥമാക്കിയവർ.