
മുംബയ്: കൊവിഡ് പ്രതിസന്ധികളൊഴിഞ്ഞ് സമ്പദ്‌വ്യവസ്ഥയിൽ കരകയറ്റം ദൃശ്യമായതോടെ ഇന്ത്യയിൽ ദൃശ്യമാകുന്നത് ഐ.പി.ഒ പെരുമഴ. നടപ്പുവർഷം ഇതുവരെ പ്രാരംഭ ഓഹരി വില്പനയിലൂടെ (ഐ.പി.ഒ) ഓഹരി വിപണിയിലേക്ക് ആദ്യചുവടുവച്ചത് 30 കമ്പനികൾ. ഇവ സംയുക്തമായി സമാഹരിച്ചത് 31,265 കോടി രൂപ. 2019-20ൽ 13 കമ്പനികൾ ചേർന്ന് സമാഹരിച്ച 20,350 കോടി രൂപയേക്കാൾ 53.63 ശതമാനം അധികമാണിത്. 2018-19ൽ സമാഹരണം 14,719 കോടി രൂപയായിരുന്നു; ഐ.പി.ഒ സംഘടിപ്പിച്ചത് 14 കമ്പനികളും.
ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (ഐ.ആർ.എഫ്.സി - 4,600 കോടി രൂപ), കേരളത്തിൽ നിന്നുള്ള കല്യാൺ ജുവലേഴ്‌സ് (1,175 കോടി രൂപ), ഹോം ഫസ്‌റ്റ് ഫിനാൻസ് (1,154 കോടി രൂപ), ക്രാഫ്‌റ്റ്സ് ഓട്ടോമേഷൻ (824 കോടി രൂപ), ബാർബീക്ക് നേഷൻ ഹോസ്‌പിറ്റാലിറ്റി (453 കോടി രൂപ) എന്നിവയാണ് നടപ്പുവർഷം ഏറ്റവുമധികം തുക സമാഹരിച്ചത്. കൊവിഡ് മഹാതാണ്ഡവമാടിയ ഏപ്രിൽ-ഡിസംബർ കാലയളവിനെ അപേക്ഷിച്ച് ഈ പാദത്തിലായിരുന്നു 23 കമ്പനികളുടെ ഐ.പി.ഒ. 18,302 കോടി രൂപ സമാഹരിക്കപ്പെട്ടതും നടപ്പുപാദത്തിലാണ്. ഈ മാസം മൂന്നാംവാരം മാത്രം അഞ്ച് കമ്പനികൾ ചേർന്ന് 3,764 കോടി രൂപ നേടിേ.
ഓഹരി വിപണി മോശം പ്രകടനം കാഴ്‌ചവയ്ക്കുമ്പോഴാണ് പ്രാരംഭ ഓഹരി വിപണി (ഐ.പി.ഒ) കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിലെ ഏറ്റവും മികച്ച സമാഹരണം നടത്തുന്നതെന്ന കൗതുകമുണ്ട്. കഴിഞ്ഞവാരം തുടർച്ചയായ രണ്ടുസെഷനുകളിലൂടെ മാത്രം സെൻസെക്‌സിന്റെ മൂല്യത്തിൽ നിന്ന് കൊഴിഞ്ഞത് ഏഴുലക്ഷം കോടി രൂപയാണ്. എൽ.ഐ.സി., എച്ച്.ഡി.ബി ഫിനാഷ്യൽ സർവീസസ്, നാഷണൽ കമ്മോഡിറ്റീസ് ആൻഡ് ഡെറിവേറ്റീവ്സ് എക്‌സ്‌ചേഞ്ച് (എൻ.സി.ഡി.ഇ.എക്‌സ്) എന്നീ വമ്പൻ കമ്പനികളുടെ പ്രാരംഭ ഓഹരി വില്പന അടുത്ത സാമ്പത്തിക വർഷം പ്രതീക്ഷിക്കാം. 2021-22 സമ്പദ്‌വർഷത്തിലും ഐ.പി.ഒ വിപണി തിളങ്ങുമെന്നതിന്റെ സൂചനയാണ് ഇതു നൽകുന്നത്.