
കൊല്ലം: ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ കൊല്ലം രൂപത. പൊയ്മുഖം അഴിഞ്ഞ് വീഴുമ്പോഴും മുഖ്യമന്ത്രി നുണകൾ ആവർത്തിക്കുന്നു. ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം അപക്വവും അടിസ്ഥാന രഹിതവുമാണ്. ജനാധിപത്യത്തിന്റെ മുഖത്ത് കാർക്കിച്ച് തുപ്പുന്ന നിലപാടാണ് മുഖ്യമന്ത്രിയുടെയും മേഴ്സിക്കുട്ടിയമ്മയുടെയും. ഇരുവരും മാപ്പ് പറയണമെന്നും കൊല്ലം രൂപത അൽമായ കമ്മിഷൻ ആവശ്യപ്പെട്ടു.
മത്സ്യമേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകൾക്ക് വിൽക്കാനുമായി ശ്രമം നടക്കുന്നതായി ലത്തീൻ സഭ പള്ളികളിൽ വായിച്ച ഇടയലേഖനത്തിൽ ആരോപിച്ചിരുന്നു. ഇടയലേഖനത്തെ തളളിപ്പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ അതേപടി പറയുന്നത് ശരിയോ എന്ന് പരിശോധിക്കണമെന്നും ഇടയലേഖനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നും പ്രതികരിച്ചിരുന്നു.
ഇടയലേഖനം രാഷ്ട്രീയ ലക്ഷ്യത്തോടെയുളളതാണെന്നായിരുന്നു മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം. യു.ഡി.എഫിന് വേണ്ടി സഭ എന്തിനിത് പറയണം. മത്സ്യനയത്തെ അടിസ്ഥാന രഹിതമായി വ്യാഖ്യാനിക്കുകയാണ് സഭ. അടിസ്ഥാന രഹിതമായ ഇടയലേഖനം എഴുതിയത് ആർക്കുവേണ്ടിയാണെന്ന് സഭ വ്യക്തമാക്കണമെന്നും ഇടയലേഖനം സഭ തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞിരുന്നു.