29-sabarimala-arattu

ശബരിമല: പത്തുനാൾ നീണ്ട ശബരിമല ഉത്സവം പമ്പയിൽ നടന്ന ആറാട്ടോടെ സമാപിച്ചു. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു ആറാട്ട് കടവിൽ ഭഗവാന്റെ നീരാട്ട്. സന്നിധാനത്ത് നിന്ന് രാവിലെ 8.45ന് ആറാട്ട് ഘോഷയാത്ര പുറപ്പെട്ടു. ഇതിന് മുന്നോടിയായി ആറാട്ട് ബലിതൂകി. തുടർന്ന് അയ്യപ്പ ചൈതന്യം ശ്രീബലിബിംബത്തിലേക്ക് ആവാഹിച്ചു. പാണി കൊട്ടി വിഗ്രഹം പുറത്തേക്ക് എഴുന്നെള്ളിച്ചു. പതിനെട്ടാംപടിയിറങ്ങിയെത്തിയതോടെ ഭഗവാനെ ആനപ്പുറത്തേറ്റി വാദ്യമേളങ്ങളുടെ അകമ്പടിയോടെ പമ്പയിലേക്ക് പുറപ്പെട്ടു. അപ്പാച്ചിമേടും നീലിമലയുമിറങ്ങി പതിനൊന്നുമണിയോടെ പമ്പയിലെത്തി. ഗാർഡ് റൂമിന് സമീപത്തുവച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു, ദേവസ്വം സ്പെഷ്യൽ കമ്മിഷണർ എം. മനോജ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ആനപ്പുറത്തു നിന്നുമിറക്കി ആറാട്ട് കടവിലേക്ക് എഴുന്നെള്ളിച്ചു. ആറാട്ട് കടവിലെ പീഠത്തിൽ വിഗ്രഹം ഇരുത്തി തന്ത്രി കണ്ഠരര് രാജീവരുടെ കാർമ്മികത്വത്തിൽ പൂജ നടത്തി. തന്ത്രിയും മേൽശാന്തി വി.കെ.ജയരാജ് പോറ്റിയും പരികർമ്മികളും ചേർന്ന് വിഗ്രഹവുമായി മൂന്നു തവണ പമ്പയിൽ മുങ്ങി. തുട‌ർന്ന് വിവിധ ദ്രവ്യങ്ങൾ കൊണ്ട് അഭിഷേകം ചെയ്ത ശേഷം മഞ്ഞൾപ്പൊടി അഭിഷേകം നടത്തി വീണ്ടും ആറാട്ട് കടവിൽ ഇറങ്ങി മഞ്ഞ നീരാട്ട് നടത്തി. തുടർന്ന് ഉടയാട ചാർത്തി നേദ്യം സമർപ്പിച്ച പൂജയ്ക്ക് ശേഷം പമ്പാഗണപതി കോവിലിലെ മണ്ഡപത്തിൽ എഴുന്നെള്ളിച്ചിരുത്തി ഭക്തർക്ക് പറയിടുന്നതിന് അവസരമൊരുക്കി. തിരിച്ചെഴുന്നെള്ളത്ത് 7 മണിയോടെ സന്നിധാനത്തെത്തി. ഇതോടെ ഉത്സവത്തിന് കൊടിയിറങ്ങി. അകത്തേക്ക് എഴുന്നെള്ളിച്ച് ശ്രീബലി ബിംബത്തിലെ ചൈതന്യത്തെ മൂലവിഗ്രഹത്തലേക്ക് മാറ്റി ഉച്ചപൂജയും ദീപാരാധനയും ഒന്നിച്ചു നടത്തി നട അടച്ചു. വിഷു ഉത്സവത്തിനായി ഏപ്രിൽ 10ന് വൈകിട്ട് തുറക്കും. 14 നാണ് വിഷു.