
ചാലക്കുടി: വഴിത്തർക്കത്തെ ചൊല്ലി കാഞ്ഞിരപ്പിള്ളി മുനിപ്പാറയിൽ സി.പി.എം പ്രവർത്തകൻ അടിയേറ്റു മരിച്ചു. കളത്തിൽ വീട്ടിൽ ഡേവിസാണ് (58) മരിച്ചത്. ശനിയാഴ്ച രാവിലെ ആറോടെ ഡേവിസിന്റെ വീടിന് സമീപത്തെ പറമ്പിലായിരുന്നു സംഭവം. പറമ്പിൽ പുല്ല് ശേഖരിക്കാനെത്തിയ ഡേവിസിനെ നാലംഗ സംഘം മർദ്ദിക്കുകയും വടികൊണ്ട് അടിക്കുകയുമായിരുന്നു. ആക്രമണത്തിൽ അവശനിലയിലായ ഇയാളെ ആദ്യം
ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആന്തരാവയവങ്ങൾക്ക് ഗുരുതര ക്ഷതമേറ്റതിനാൽ പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സി.പി.ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നു പറയുന്നു. പ്രതികളെന്ന് സംശയിക്കുന്ന നാല് പേരെ മുനമ്പത്ത് നിന്നും കസ്റ്റഡിയിലെടുത്തു.
ഒരുമാസത്തിന് മുൻപ് പ്രതികളിൽ ഒരാളായ ഷിജിത്തുമായി ഡേവിസ് വഴിത്തർക്കം ഉണ്ടാവുകയും തുടർന്നുള്ള സംഘർഷത്തിൽ ഡേവിസ് ഷിജിത്തിന്റെ കാല് തല്ലിയൊടിക്കുകയും ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡേവിസ് റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങി സി.പി.എമ്മിൽ ചേർന്നു. തുർന്ന് സി.പി.ഐ പ്രാദേശിക ഘടകം പരിസരത്ത് പൊതുയോഗം വിളിച്ചുകൂട്ടുകയും ഡേവിസിനെ സി.പി.എമ്മിൽ അംഗത്വം നൽകിയതിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഷിജിത്തിനെ ആക്രമിച്ചതിൽ വൈരാഗ്യം തീർക്കാൻ പ്രതികൾ നടത്തിയ ആക്രമണത്തിൽ ഡേവിസ് കൊല്ലപ്പെടുകയായിരുന്നു. നേരത്തെ എതിരാളികൾ ഇയാളുടെ പശുവിനെ വെട്ടിയ സംഭവമുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധ നടത്തി. ഭാര്യ- മേരി. ശ്രീജിത്ത്, രഞ്ജിത്ത് എന്നിവർ മക്കളാണ്.