
കോഴിക്കോട്: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെ മാദ്ധ്യമ പ്രവർത്തകന് മർദ്ദനമേറ്റു. ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയുടെ ഫോട്ടോഗ്രാഫർ ദിനേശിനാണ് ബിജെപി പ്രവർത്തകരുടെ മർദ്ദനമേറ്റത്.
റോഡ് ഷോ നടക്കുന്നതിനിടെ പ്രകടനത്തിൽ ഉളളയാൾ ഫോട്ടോ എടുക്കുകയായിരുന്ന ദിനേശുമായി വാക്ക് തർക്കത്തിലാവുകയും മർദിക്കുകയുമായിരുന്നു. കണ്ണിന് പരിക്കേറ്റ ദിനേശ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇദ്ദേഹത്തെ സ്മൃതി ഇറാനി സന്ദർശിച്ചു.
സംഭവത്തെത്തുടർന്ന് മാദ്ധ്യമ പ്രവർത്തകരിൽ ചിലർ പരിപാടി ബഹിഷ്‌കരിക്കുന്നതായി അറിയിച്ചു. തുടർന്ന് ജില്ല വൈസ് പ്രസിഡന്റ് ടി. ദേവദാസ് ഉൾപ്പെടെയുള്ളവർ ക്ഷമാപണം നടത്തി. വാഹനം നിർത്തിച്ച് സ്ഥാനാർത്ഥി ടി.പി. ജയചന്ദ്രൻ മാസ്റ്ററോടും മാദ്ധ്യമ പ്രവർത്തകർ പരാതി അറിയിച്ചു. റോഡ് ഷോക്കിടെ ജന്മഭൂമി ഫോട്ടോഗ്രാഫർക്ക് തന്നെ മർദ്ദനമേറ്റത് ബി.ജെ.പിക്ക് നാണക്കേടായി.