
കുളമാവ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നാടുകാണി പാറയിടുക്കിൽ വീണതുമായി ബന്ധപ്പെട്ട് മേലുകാവ് ഇല്ലിക്കൽ മുരിക്കുങ്കൽ അലക്സ് (23) ജീവനൊടുക്കിയതായി പറയുന്ന സംഭവത്തിൽ അലക്സിന്റെ സഹോദരി ലീജമോൾ എം ജോസഫ് തൊടുപുഴ ഡിവൈഎസ്പിക്ക് പരാതി നൽകി. പെൺകുട്ടിയുടെ പിതാവ് റിട്ടയേഡ് പൊലീസ് സബ് ഇൻസ്പെക്ടറാണെന്നും ഇയാൾ അലക്സിനര നേരെ നേരത്തെ വധ ഭീഷണി പെടുത്തിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. തൂങ്ങി മരിച്ച അലക്സിന്റെ ശരീരത്ത് മുറിപ്പാടുകളുള്ളതായും സഹോദരി നൽകിയ പരാതിയിൽ പറയുന്നു. അത്മഹത്യചെയ്യാൻ മറ്റുകാരണങ്ങളൊന്നുമില്ലാത്ത അലക്സിന്റെ മരണത്തിൽ വീട്ടുകാർക്ക് സംശയമുണ്ട്. അലക്സിനെ കൊലചെയ്തശേഷം കെട്ടിത്തൂക്കിയതായി സംശയിക്കുന്നു.പെൺകുട്ടിയുടെ പിതാവിന് പൊലീസിൽ സ്വാധീനമുള്ളതിനാൽ അന്വേഷണം അട്ടിമറിക്കാൻ സാദ്ധ്യതയുള്ളതായി സഹോദരി നൽകിയ പരാതിയിൽ പറയുന്നു.എന്നാൽ പരാതിയിൽ കഴമ്പില്ലെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിളിച്ച് കൊണ്ട് പോയി ഭീഷണിപ്പെടുത്തി വശത്താക്കാൻ ശ്രമിച്ചതാണന്നും അതിന് വഴങ്ങാതീരുന്ന പെൺകുട്ടിയുടെ ഫോൺ പിടിച്ച് വാങ്ങി എറിഞ്ഞ് കളഞ്ഞെന്നും അതിന് ശേഷം കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചതാണന്നും പരിക്കേറ്റ പെൺകുട്ടി ബന്ധുക്കളെ അറിയിച്ചതായും പറയപ്പെടുന്നു. അലക്സിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് നൽകി. ഇന്നലെ വൈകിട്ട് മേലുകാവ് കത്തീഡ്രൽ സി എസ് ഐ പള്ളിയിൽ സംസ്ക്കരിച്ചു. കാലിന് സാരമായ പരിക്ക് പറ്റിയ പെൺകുട്ടി തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.