
തൃശൂർ: തലശേരിയിലെ സിപിഎം സ്ഥാനാർഥിയായ എഎൻ ഷംസീർ ഒരു കാരണവശാലും ജയിക്കരുതെന്നും ഗുരുവായൂരിൽ യുഡിഎഫ്/ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായ കെഎൻഎ ഖാദർ ജയിക്കണമെന്നും ബിജെപി സ്ഥാനാർത്ഥിയും എംപിയും നടനുമായ സുരേഷ് ഗോപി. ഒരു മലയാള വാർത്താ ചാനലിന്റെ തിരഞ്ഞെടുപ്പ് അധിഷ്ഠിത പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഈ രണ്ട് മണ്ഡലങ്ങളിലും പാർട്ടിക്ക് സ്ഥാനാർഥികളില്ല. എൻഡിഎയ്ക്ക് സ്ഥാനാർത്ഥികളില്ലാത്ത മണ്ഡലങ്ങളിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപി ഇത്തരത്തിൽ പ്രതികരിച്ചത്. സ്ഥാനാർത്ഥികൾ ഇല്ലാത്ത മണ്ഡലങ്ങളിൽ വോട്ട് 'നോട്ട'യ്ക്ക് നൽകണമെന്നും അങ്ങനെയല്ലെങ്കിൽ സിപിഎമ്മിനെതിരെ വോട്ട് ചെയ്യണമെന്നും സുരേഷ് ഗോപി പറഞ്ഞു.

നാമനിർദ്ദേശ പത്രിക തള്ളിയതിനാൽ ഗുരുവായൂരിൽ സ്ഥാനാർത്ഥിയാകാൻ കഴിയാതിരുന്ന നിവേദിത സുബ്രഹ്മണ്യന് പോകേണ്ട വോട്ടുകളത്രയും നോട്ടയ്ക്കാണ് നൽകേണ്ടതെന്നും അതൊരു ശിക്ഷയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ചരിത്രം കുറിക്കുന്ന നോട്ട വോട്ടായി അത് മാറണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും നടൻ പറയുന്നു.
നോട്ടയ്ക്കല്ലെങ്കിൽ ആർക്ക് നൽകണം എന്ന ചോദ്യം വന്നപ്പോഴാണ് അത് യുഡിഎഫ് സ്ഥാനാർത്ഥിക്ക് നൽകണമെന്ന് അദ്ദേഹം പറഞ്ഞത്. തുടർന്ന് തലശേരിയിൽ ആര് ജയിക്കണം എന്ന ചോദ്യം വന്നപ്പോൾ അവിടെ ആരൊക്കെയാണ് എതിർ സ്ഥാനാർത്ഥികളെന്ന് സുരേഷ് ഗോപി ആരാഞ്ഞു. എഎൻ ഷംസീറാണ് എതിർ സ്ഥാനാർത്ഥി എന്നുള്ള ഉത്തരം കേട്ടപ്പോൾ 'ഷംസീർ ഒരു കാരണവശാലും ജയിക്കരുത്'-എന്നാണ് അദ്ദേഹം ഉടനടി പറഞ്ഞത്.

സംസ്ഥാനത്ത് മൂന്ന് സീറ്റുകളിൽ എൻഡിഎ വിജയം നേടുമെന്നും സുരേഷ് ഗോപി പറയുന്നു. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും നേമത്ത് കുമ്മനം രാജശേഖരനും ഇ ശ്രീധരനും വിജയിക്കുമെന്നാണ് ബിജെപി എംപി പറഞ്ഞത്.