bangladesh

ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെ ബംഗ്ലാദേശിൽ പരക്കെ അക്രമം വ്യാപിച്ചതായി റിപ്പോർട്ട്. തീവ്ര ഇസ്ലാമിക സംഘടനകളിലെ നൂറോളം വരുന്ന അംഗങ്ങൾ ഹിന്ദു ക്ഷേത്രങ്ങളും കിഴക്കൻ ബംഗ്ളാദേശിൽ ട്രെയിനും ആക്രമിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരെ തീവ്ര ഇസ്ലാമിക സംഘടനകൾ സംഘടിപ്പിച്ച പ്രകടനത്തിനിടെ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പത്തോളം പ്രതിഷേധക്കാർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ മോദി രാജ്യത്തു നിന്നും മടങ്ങിയതിനുപിന്നാലെ അക്രമ സംഭവങ്ങൾ വ്യാപിക്കുകയായിരുന്നു. ഹിന്ദു ഭൂരിപക്ഷ ഇന്ത്യയിലെ ന്യൂനപക്ഷ മുസ്ലിംകളോട് മോദി വിവേചനം കാണിച്ചു എന്നാരോപിച്ചാണ് ഇസ്ലാമിക സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചത്.

വെളളിയാഴ്ച ധാക്കയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റിരുന്നു. പൊലീസ് പ്രതിഷേധക്കാർക്കുനേരെ കണ്ണീർവാതകവും റബ്ബർ ബുളളറ്റുകളും പ്രയോഗിച്ചു. ആയിരത്തോളം ഇസ്ലാമിക പ്രവർത്തകർ ശനിയാഴ്ച ചിറ്റഗോംഗിലെയും ധാക്കയിലെയും തെരുവുകളിൽ മാർച്ച് നടത്തി.

ബംഗ്ലദേശിന്റെ സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് മോദി വെള്ളിയാഴ്ച ധാക്കയിലെത്തിയത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് 1.2 ദശലക്ഷം കൊവിഡ് വാക്സിൻ സമ്മാനിച്ചതിന് ശേഷം ശനിയാഴ്ചയാണ് അദ്ദേഹം ബംഗ്ലാദേശിൽ നിന്നും മടങ്ങിയത്.