
യങ്കൂൺ: മ്യാൻമറിൽ നിരപരാധികളെ കൊന്നൊടുക്കുന്നത് തുടർന്ന് സൈന്യം. മ്യാൻമറിലെ തെക്ക് കിഴക്കൻ പ്രദേശമായ പൂപ്പനിൽ ജനവാസ മേഖലയിൽ സൈന്യം വ്യോമാക്രമണം നടത്തി. ദ കരേൻ നാഷണൽ യൂണിയന്റെ നിയന്ത്രണത്തിലുള്ള പ്രദേശമാണിത്. ആക്രമണത്തെത്തുടർന്ന് നിരവധി പേർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്യാൻ തുടങ്ങി. മ്യാൻമറിലെ മുഖ്യനഗരങ്ങളിൽ നിന്ന് പലായനം ചെയ്തവർക്ക് . ദ കരേൻ നാഷണൽ യൂണിയൻ അഭയം നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് സൈനിക നടപടി എന്നാണ് സൂചന. വ്യോമാക്രമണത്തിൽ രണ്ട് പ്രദേശ വാസികൾ മരണമടഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മ്യാന്മറിൽ പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധിച്ചവർക്ക് നേരെ നടന്ന സൈനിക അതിക്രമങ്ങളിൽ കഴിഞ്ഞ ദിവസം 114 പേരെക്കൂടി സൈന്യം കൊന്നൊടുക്കിയിരുന്നു. ഇതോടെ സൈനിക നടപടികളിൽ മരണമടഞ്ഞവരുടെ ആകെ എണ്ണം 350 കടന്നു.രാഷ്ട്രീയ പ്രവർത്തകരും കുട്ടികളും സ്ത്രീകളും രാജ്യത്ത് വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പരിപാടികളിലേക്കാണ് പട്ടാളം വെടിവെച്ചത്. മ്യാൻമറിലെ പ്രധാന നഗരങ്ങളിലൊന്നായ മണ്ടാലെയിൽ 13 വയസുള്ള പെൺകുട്ടിയടക്കം 40 പേരാണ് മരിച്ചത്. വാണിജ്യ കേന്ദ്രമായ യാങ്കോണിൽ 27 പേർ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്. ഫെബ്രുവരി ഒന്നിലെ പട്ടാള അട്ടിമറിക്ക് ശേഷം പ്രതിഷേധക്കാർക്ക് നേരെ നടക്കുന്ന വലിയ അതിക്രമമാണിത്. മാർച്ച് 14ന് നടന്ന പട്ടാള അതിക്രമങ്ങളിൽ എൺപതോളം പേർ കൊല്ലപ്പെട്ടിരുന്നു. സായുധ സേനാ ദിനത്തിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിൽ തീവ്രവാദം രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും അംഗീകരിക്കാനാവില്ലെന്നും സൈനിക മേധാവി കമാൻഡർ ഇൻ ചീഫ് സീനിയർ ജനറൽ മിൻ ആങ് ലെയ്ങ് വ്യക്തമാക്കിയിരുന്നു. കുട്ടികളടക്കമുള്ളവർക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ രാജ്യാന്തര സമൂഹം രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. മ്യാന്മറിലെ അട്ടിമറിയ്ക്ക് ഉത്തരവാദികളായവർക്കെതിരെ യൂറോപ്യൻ യൂണിയനും അമേരിക്കയുമടങ്ങുന്ന രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ റഷ്യയും ചൈനയും മ്യാന്മറിലെ പട്ടാള ഭരണത്തെ പിന്തുണയ്ക്കുകയാണ്..