
തിരുവനന്തപുരം: മഞ്ചേശ്വരം മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനായ കെ സുരേന്ദ്രൻ പരാജയപ്പെടുമെന്ന് വാർത്താ ചാനലിന്റെ തിരഞ്ഞെടുപ്പ് പ്രീ-പോൾ സർവേ. '24 ന്യൂസ്' വാർത്താ ചാനലിന്റെ സർവേയിലാണ് ഇക്കാര്യം പറയുന്നത്. പരാജപ്പെടുമെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥി എകെഎം അഷ്റഫിന് പിന്നാലെ കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്തെത്തുമെന്ന് ചാനൽ പ്രവചിക്കുന്നുണ്ട്. ഇടതുമുന്നണിയുടെ സ്ഥാനാർത്ഥിയായ വിവി രമേശന് മൂന്നാം സ്ഥാനമാകും ലഭിക്കുകയെന്നും ചാനൽ സർവേ പറയുന്നുണ്ട്.
എകെഎം അഷ്‌റഫ് ഇവിടെ ജയിക്കുമെന്ന് പറഞ്ഞത് സർവേയിൽ പങ്കെടുത്ത 42 ശതമാനം പേരാണ്. 34 ശതമാനം പേർ കെ സുരേന്ദ്രനെ പിന്താങ്ങിയപ്പോൾ വിവി രമേശനോപ്പം നിന്നത് 24 ശതമാനം വോട്ടർമാരാണ്. അതേസമയം മട്ടന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ കെകെ ശൈലജ ടീച്ചർ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയം നേടുമെന്നും ചാനൽ പ്രവചിക്കുന്നു. 58 ശതമാനം പേരാണ് ശൈലജ ടീച്ചറെ പിന്തുണച്ചത്.
ഇവിടെ മത്സരിക്കുന്ന യുഡിഎഫിന്റെ ഇല്ലിക്കൽ അഗസ്തി 31 ശതമാനം പേരുടെ പിന്തുണയാണുള്ളത്. ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ജയിക്കുമെന്നും ചാനൽ പറഞ്ഞു. 54 ശതമാനം പേരുടെ പിന്തുണയാണ് അദ്ദേഹത്തിനുള്ളത്. യുഡിഎഫിന്റെ സി രഘുനാഥിനെ 37 ശതമാനം പേർ പിന്തുണച്ചു.
ബിജെപിക്ക് സ്ഥാനാർത്ഥിയില്ലാത്ത തലശേരി മണ്ഡലത്തിൽ എൽഡി എഫിന്റെ എഎൻ ഷംസീർ തന്നെ ജയിക്കുമെന്നും ചാനൽ സർവേ ചൂണ്ടിക്കാട്ടി. 58 ശതമാനം പേരാണ് ഷംസീറിനെ പിന്തുണച്ചത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ നിന്നുമുള്ള എഴുപതിനായിരം വോട്ടർമാരെ നേരിട്ട് കണ്ടുകൊണ്ടാണ് സര്‍വേ തയാറാക്കിയിരിക്കുന്നതെന്ന് ചാനല്‍ അധികൃതർ പറയുന്നു. മാർച്ച് ഇരുപത്തിയഞ്ചാം തീയതി വരെയാണ് സർവേ നടത്തിയതെന്നും ചാനൽ പറഞ്ഞു.