
ബെർലിൻ: ഊർജ വിതരണ കമ്പനിയായ എനോവസുമായും നോർവേനിയൻ ഊർജ ഉത്പാദകരായ സ്റ്റാറ്റ്‌ക്രാഫ്റ്റുമായും ഹരിത വൈദ്യുത വിതരണ കരാറിൽ ഏർപ്പെട്ട് ആഡംബര വാഹന നിർമാതാക്കളായ മെഴ്സിഡസ് ബെൻസ്. കരാർ, 2022 ഓടെ പ്രകൃതിദത്തമായ സ്രോതസുകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങുന്നതിന് ബെൻസിന് സഹായകരമാകും.

സൗരോർജം, കാറ്റ്, ജലവൈദ്യുത നിലയങ്ങൾ എന്നിവയിൽ നിന്നും ഉത്പാദിപ്പിക്കുന്ന കാർബൺഡയോക്‌സൈഡ് രഹിത വൈദ്യൂതിയാണ് കമ്പനിക്ക് ലഭിക്കുക. കരാറിലേർപ്പെട്ടിരിക്കുന്ന കമ്പനികളുടെ ഇത്തരത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റുകളിൽ ഭൂരിഭാഗവും ജർമനിയിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. വടക്കൻ ജർമ്മനിയിലെ ആറ് കാറ്റാടി ഫാമുകളുടെ ദീർഘകാല പ്രവർത്തനം സുരക്ഷിതമാക്കിയ ജർമ്മനിയിലെ ആദ്യത്തെ പ്രധാന വ്യാവസായിക ഉപഭോക്താവുകൂടിയാണ് മെഴ്സിഡസ് ബെൻസ്.

മെഴ്സിഡസ് ബെൻസ് ജർമനിയിൽ അവരുടെ കാർ നിർമാണപ്ലാന്റുകളിൽ മാത്രമല്ല വാൻ, ട്രക്ക്, ബസ് പ്ലാന്റുകളിലും അഡ്മിനിസ്‌ട്രേറ്റീവ് യൂണിറ്റുകളിലും ഹരിത വൈദ്യുതി ഉറപ്പാക്കുന്നു. ജർമനിയിൽ ഹരിത വൈദ്യുതിയുടെ വ്യാപനത്തിനും ആ മേഖലയുടെ പരിവർത്തനത്തിനും കമ്പനി സുപ്രധാന പങ്കാണ് വഹിക്കുന്നത്.