hc

കൊച്ചി: അരി വിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിക്കെതിരെ സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും.പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് തന്നെ അരി വിതരണത്തിന് ഉത്തരവ് ഇറക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകുക.

ഇതിനുമുമ്പും ഇത്തരത്തിൽ അരി വിതരണം ചെയ്തിട്ടുണ്ടെന്നും, ബഡ്ജറ്റിൽ പ്രഖ്യാപിച്ചതാണെന്നുമാണ് സർക്കാരിന്റെ വാദം.വെള്ള, നീല കാർഡ് ഉടമകൾക്ക് പത്ത് കിലോ സ്പെഷ്യൽ അരി 15 രൂപയ്ക്ക് നൽകാനുള്ള തീരുമാനത്തിനാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കേർപ്പെടുത്തിയത്.പ്രതിപക്ഷം നൽകിയ പരാതിയെത്തുടർന്നായിരുന്നു നടപടി.

തിരഞ്ഞെടുപ്പു വിജ്ഞാപനത്തിന് മുമ്പാണ് അരി വിതരണത്തിന് സർക്കാർ ഉത്തരവിറക്കിയത്. അരി എത്താൻ വൈകിയതിനാൽ വിതരണം വൈകി. അരി എത്തിയപ്പോൾ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയതിനാൽ വിതരണാനുമതിക്ക് സർക്കാർ തിരഞ്ഞടുപ്പു കമ്മിഷനെ സമീപിച്ചു. തുടർന്ന് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകുകയായിരുന്നു.