toys

കൊച്ചി: കളിപ്പാവകൾ സമ്മാനിച്ച് കരുന്നു ഹൃദയങ്ങൾ കീഴടക്കിയ എറണാകുളം സെന്റ് തെരേസാസ് കോളേജിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. പ്രതിമാസ പ്രഭാഷണ പരിപാടിയായ മൻകീ ബാത്തിലാണ് കോളേജിന്റെ കളിപ്പാട്ടം പദ്ധതിയെ പ്രധാനമന്ത്രി പ്രശംസിച്ചത്. പഴകിയ തുണി ശേഖരിച്ച് ജില്ലയിലെ അങ്കണവാടികൾക്ക് കളിപ്പാവകൾ നിർമ്മിച്ചു കൊടുക്കുന്ന ഈ പദ്ധതി, പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ കോളേജ് 2015ൽ തുടങ്ങിയ 'യുദ്ധ'ത്തിന്റെ ഭാഗമാണ്. വിദ്യാർത്ഥിനികളുടെ സഹകരണത്തോടെ തുണിബാഗുകൾ വിപണിയിലെത്തിച്ചും സെന്റ് തെരേസാസ് ശ്രദ്ധ നേടിയിരുന്നു.

പഠനം മുതൽ പാവ വരെ

2014ൽ ലോകബാങ്കും സംസ്ഥാന സർക്കാരും കൈകോർത്ത് കോളേജിലെ ഇക്കണോമിക്സ് വിഭാഗത്തിന്റെ സഹകരണത്തോടെ ജില്ലയിലെ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് പഠനം നടത്തിയിരുന്നു. നാല് പഞ്ചായത്തുകളിൽ ഒരാഴ്ച നീണ്ട പഠനം ഏവരെയും ഞെട്ടിച്ചു. വികസിതരാജ്യങ്ങൾക്കു സമാനമായ അളവിൽ പ്ലാസ്റ്റിക് മാലിന്യം ഗ്രാമങ്ങളിൽ കണ്ടെത്തിയതായിരുന്നു കാരണം. ഇതിന്റെ ആഘാതം തിരിച്ചറിഞ്ഞ കോളേജ് പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനുള്ള ശ്രമം ആരംഭിച്ചു.

2015ൽ വിദ്യാർത്ഥികളുടെ സഹകരണത്തോടെ തുണിബാഗുകൾ പഞ്ചായത്തു വഴി വിതരണം ചെയ്യാൻ തുടങ്ങി. കുടുംബശ്രീ യൂണിറ്റുകൾക്കും നിർമ്മാണരീതി പകർന്നു നൽകി. പെൻസിൽ ബോക്സും മറ്റും വിപണയിലെത്തിച്ചു. ബാഗും പെൻസിൽ ബോക്സും നിർമ്മിക്കുമ്പോൾ ശേഷിക്കുന്ന തുണി എന്തുചെയ്യുമെന്ന ചിന്തയാണ് അങ്കണവാടി കുട്ടികൾക്ക് കളിപ്പാട്ടം നിർമ്മിച്ചു നൽകാനുള്ള പദ്ധതിക്ക് പ്രേരണയായത്. സംഖ്യകൾ, രൂപങ്ങൾ, പക്ഷിമൃഗ രൂപങ്ങൾ, പാവകൾ എന്നിവയാണ് നിർമ്മിക്കുന്നത്.

കളിപ്പാട്ടമാകും വെട്ടുപീസ്

തയ്യൽക്കടകളിൽ മിച്ചം വരുന്ന വെട്ടുതുണികൾ ശേഖരിച്ച് കളിപ്പാട്ടം നിർമ്മിച്ച് തദ്ദേശസ്ഥാപനങ്ങൾ വഴി എല്ലാ അങ്കണവാടികളിലും എത്തിക്കും. ഫാഷൻ ഡിസൈനിംഗ് വിഭാഗത്തിലെ വിദ്യാർത്ഥികളാണ് പാവകളുടെയും മറ്റും മാതൃക തയ്യാറാക്കുന്നത്. കൊമേഴ്സ്, ഫ്രഞ്ച്, ഇക്കണോമിക്സ് വകുപ്പുകളിലെ നൂറിലധികം വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് പദ്ധതിയിലെ പങ്കാളികൾ. കൊച്ചി സ്വദേശിനിയായ തസ്നീമിന്റെ നേതൃത്വത്തിലുള്ള കുടുംബശ്രീ യൂണിറ്റ് കോളേജിന് എല്ലാ പിന്തുണയും നൽകുന്നു. സെന്റ് തെരേസാസ് കോളേജിൽ വന്നിട്ടുണ്ടെന്നും ഇവിടത്തെ കുട്ടികൾ പ്രതിഭാശേഷിയുള്ളവരാണെന്നും മൻകീ ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

വെട്ടുതുണികൾ ഉപയോഗിച്ച് വിദ്യാർത്ഥികളും കുടുംബശ്രീ പ്രവർത്തകരുമാണ് പാവകൾ നിർമ്മിക്കുന്നത്. എല്ലാ അങ്കണവാടികളിലും കളിപ്പാട്ടങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം.

ഡോ.നിർമ്മല
പദ്ധതി കോ ഓർഡിനേറ്റർ
സെന്റ്. തെരേസാസ് കോളേജ്‌