
കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കോൺഗ്രസ് ഒറ്റസംഖ്യയിലേക്ക് നീങ്ങുന്ന അവസ്ഥയാണ് കാണാനാവുകയെന്ന് എൻ സി പി നേതാവ് പി സി ചാക്കോ പറഞ്ഞു.കൽപ്പറ്റയിൽ എൽ ഡി എഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ചാക്കോ. വികസനത്തെയാകെ എതിർക്കുകയാണ് കോൺഗ്രസ്. കേരളത്തിൽ വികസനത്തിന്റെ പുതിയ പ്രഭാതമാണ് വരാൻ പോവുന്നത്. കോൺഗ്രസ് പാർലമെന്ററി പാർട്ടിയെ പോലും മൊത്തമായി വാങ്ങുന്ന നിലയിലേക്കാണ് ബി ജെ പി നീങ്ങുന്നത്. മുമ്പ് ഷെയർ ബ്രോക്കറായി പ്രവർത്തിച്ചിട്ടുള്ള അമിത് ഷായ്ക്ക് കോൺഗ്രസിനെ എങ്ങനെ വിലയ്‌ക്കെടുക്കാമെന്ന് നന്നായി അറിയാം.
ബി ജെ പി യെ പരാജയപ്പെടുത്തുക എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം. ഇന്ത്യ ആഗ്രഹിക്കുന്ന രാഷ്ട്രീയ പോരാട്ടമാണ് എൽ ഡി എഫ് നടത്തുന്നത്. വർഗീയതയെയും ഫാസിസത്തെയും നേരിടുന്ന ദൗത്യത്തിനൊപ്പം നിലകൊള്ളണമെന്നുള്ളതുകൊണ്ടാണ് ഇടതുപക്ഷവുമായി യോജിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിച്ചത് ദേശീയതലത്തിൽ കോൺഗ്രസിന്റെ പരാജയത്തിന് കാരണമായി. ഉത്തരേന്ത്യയിൽ മത്സരിച്ച് ബി ജെ പി യോട് ഏറ്റുമുട്ടുന്നതിൽ കുന്തമുനയായി നിൽക്കേണ്ട രാഹുൽ കേരളത്തിൽ മത്സരിച്ചതോടെയാണ് കോൺഗ്രസ് 41 സീറ്റിൽ ഒതുങ്ങിയത്. കേരളത്തിൽ നിന്ന് മത്സരിക്കരുതെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കെതിരെ മത്സരിച്ചത് തെറ്റായ സന്ദേശം നൽകിയെന്നും പി സി ചാക്കോ പറഞ്ഞു. യോഗത്തിൽ വി. ദിനേശൻ അദ്ധ്യക്ഷനായിരുന്നു. കെ സി റോസക്കുട്ടി, സി കെ ശശീന്ദ്രൻ എം എൽ എ, കെ ജെ ദേവസ്യ, എം മധു, സി കെ ശിവരാമൻ, കെ കെ ഹംസ എന്നിവരും സംസാരിച്ചു. വി ഹാരിസ് സ്വാഗതം പറഞ്ഞു.