
കാസർകോട്: 39.48 ലക്ഷം രൂപയുടെ സ്വർണവുമായി മംഗളൂരു വിമാനത്താവളത്തിൽ ഭാര്യയും ഭർത്താവും പിടിയിലായി. കാസർകോട് സ്വദേശികളായ മൊയ്തീൻ കുഞ്ഞ് (44), ഭാര്യ ഫൗസിയ മിസ്രിയ (33) എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. ഫൗസിയയിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇവരിൽ നിന്ന് 39.48 ലക്ഷം രൂപ വിലമതിക്കുന്ന 851 ഗ്രാം സ്വർണം പിടിച്ചെടുത്തു. ശനിയാഴ്ച ദുബായിൽ നിന്നും വന്ന എയർഇന്ത്യ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ. കുടുംബസമേതമാണ് വിമാനത്തിൽ വന്നത്. നാല് മക്കളും ഇവർക്കൊപ്പം ഉണ്ടായിരുന്നു. പ്രത്യേകം രൂപ കല്പന ചെയ്ത അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫൗസിയയുടെ പക്കൽ സ്വർണം ഉണ്ടായിരുന്നത്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. ഡെപ്യൂടി കമീഷണർ അവിനാശ് കിരൺ, മനോകത്യായാനി, ശ്രീകാന്ത്, നാഗേഷ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.