
ദിവസങ്ങൾക്ക് മുമ്പാണ് മമ്മൂട്ടിയുടെ വൺ എന്ന ചിത്രം തീയേറ്ററിലെത്തിയത്. മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രത്തിലെ 'റൈറ്റ് ടു റീകോൾ' എന്ന ആശയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നമുക്ക് തൃപ്തികരമല്ലാത്ത ഒരു ജനപ്രതിനിധിയെ തിരിച്ചുവിളിച്ച് വേറെയാളെ വയ്ക്കുന്നതാണ് റൈറ്റ് ടു റീകോൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇപ്പോഴിതാ വ്യക്തിപരമായി ഈ ആശയത്തെ പിന്തുണയ്ക്കുന്നയാളാണോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി.
'എനിക്ക് നിങ്ങളെയൊക്കെ പോലെ ഒരു രാഷ്ട്രീയ നിലപാട് ഉണ്ടെന്നല്ലാതെ ഞാൻ രാഷ്ട്രീയ പ്രവർത്തകനോ, രാഷ്ട്രീയമായി എന്തെങ്കിലും പ്രവൃത്തി ചെയ്യണമെന്നോ ആഗ്രഹിക്കുന്ന ആളല്ല.ഇതൊക്കെ വന്നാൽ കൊള്ളാമെന്നുള്ള ആഗ്രഹമുള്ളയാള് തന്നെയാണ്'- അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
മമ്മൂക്കയ്ക്ക് ഒരു മുഖ്യമന്ത്രിയാകാൻ അവസരം കിട്ടിയാൽ റൈറ്റ് ടു റീ കോൾ കൊണ്ടുവരുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എനിക്കങ്ങനെയൊരു അവസരം കിട്ടുകയേയില്ല, മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നേയില്ലെന്നും മമ്മൂട്ടി പറഞ്ഞു.