doublevote

കൊച്ചി: ഇരട്ടവോട്ട് വിവാദത്തിൽ ഇടപെട്ട് ഹൈക്കോടതി. ഇരട്ടവോട്ടുള്ളവർ ഒരു വോട്ടേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണമെന്ന് പറഞ്ഞ കോടതി ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് കർശന നിർദ്ദേശം നൽകുകയും ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തയുടെ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്. ഓൺലൈനായി ഒരാൾ മറ്റൊരു സ്ഥലത്ത് വോട്ടിന് അപേക്ഷിക്കുമ്പോൾ ആദ്യമുള്ള വോട്ട് ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാനുള്ള സാങ്കേതിക വിദ്യ ഇല്ലേയെന്നും ഹൈക്കോടതി ചോദിച്ചു.

കഴിഞ്ഞയാഴ്ച ഹർജി പരിഗണിക്കവെ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. വോട്ടർപ്പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെങ്കിലും നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ ചെന്നിത്തല ഹർജി നൽകിയത്. ഇരട്ടവോട്ടുള്ള വോട്ടർമാർക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടവകാശം നിഷേധിക്കണമെന്ന ആവശ്യമാണ് ചെന്നിത്തല ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ഇരട്ട വോട്ട് ആരോപണത്തിൽ വോട്ടർപട്ടിക പരിശോധിക്കാൻ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ നിർദ്ദേശം നൽകിയിട്ടുണ്ട്. 140 മണ്ഡലങ്ങളിലേയും വോട്ടർ പട്ടിക പരിശോധിക്കാൻ ജില്ലാ കളക്ടർമാർക്കാണ് നിർദ്ദേശം നൽകിയത്. ഇരട്ട വോട്ടുള്ളവരെ പോളിംഗ് ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിക്കും. സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇരട്ടവോട്ടുള്ളവരുടെ പട്ടിക തയ്യാറാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.