sarath

ജെല്ലിക്കെട്ട്,കോഴിപ്പോര് പരിശീലനത്തിൽ മുഴുകി ശരത് അപ്പാനി. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രത്തിനുവേണ്ടി പഴനി സുരഭി തപോവനത്തിലാണ് പരിശീലനം. രാവും പകലും കാളകൾക്കൊപ്പം കഴിയുന്ന തനി കാളയുടെ സ്വഭാവമുള്ള മാട എന്ന നായക കഥാപാത്രത്തെയാണ് ശരത് അപ്പാനി അവതരിപ്പിക്കുന്നത്. ''ജെല്ലിക്കെട്ട് കാളകളുടെ അടുത്തേക്ക് എത്താൻ പോലും പേടിയാണ്. കാളകളുടെ ഭയാനകമായ രൂപം ഏവരെയും ഭയപ്പെടുത്തും. പരിശീലകൻ ഉണ്ടെങ്കിലും ഞാൻ തന്നെയാണ് എല്ലാം ചെയ്യാൻ ശ്രമിക്കുന്നത്. അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണിത്.ജീവൻ പണയം വച്ചാണ് കാളയുടെ അടുത്തേക്ക് പോകുന്നത്. അത്രയ്ക്ക് ആത്മവിശ്വാസമുണ്ടെനിക്ക് ". ശരത്ത് പറഞ്ഞു. ജെല്ലിക്കെട്ടിനൊപ്പം തമിഴർക്ക് ആവേശകരമായ മറ്റൊരു വിനോദമാണ് കോഴിപ്പോര്.അതും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശരത്ത് അതിലും പരിശീലനം നേടുന്നുണ്ട്.എല്ലാ അർത്ഥത്തിലും തമിഴ് ജീവിത സംസ്ക്കാരത്തിന്റെ തനിമ ചിത്രത്തിലുണ്ടാകുമെന്ന് സംവിധായകൻ വിനോദ് ഗുരുവായൂർ പറഞ്ഞു. തമിഴിലെ പ്രശസ്ത താരങ്ങൾക്കാെപ്പം മലയാളത്തിലെ പ്രമുഖരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.റിച്ച് മൾട്ടി മീഡിയയുടെ ബാനറിൽ ജയറാം ശിവറാം നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുശാന്ത് ശ്രീനി നിർവഹിക്കുന്നു. തിരക്കഥ, സംഭാഷണം ജയറാം ശിവറാം . ജല്ലിക്കട്ട് നടക്കുന്ന പഴനിയിലെ നെയ്ക്കാരപെട്ടിയില ഏപ്രിൽ 16ന് ഷൂട്ടിംഗ് ആരംഭിക്കും.