
തിരുവനന്തപുരം: സിനിമാരംഗത്തെ പ്രമുഖരെ മുഖ്യമന്ത്രിവരെയാക്കിയ ചരിത്രമാണ് നമ്മുടെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടിനും ആന്ധ്രപ്രദേശിനുമുള്ളത്. എന്നാല്‍ കേരളം അതില്‍ നിന്നും വ്യത്യസ്തമായിരുന്നു. രാഷ്ട്രീയത്തെ രാഷ്ട്രീയമായും സിനിമയെ സിനിമയായും കാണാനാണ് കേരളത്തിലെ ജനത എല്ലായിപ്പോഴും ശ്രമിച്ചത്. ജനങ്ങളുടെ രാഷ്ട്രീയ നിലപാടിനെ സിനിമ സ്വാധീനിക്കുമെങ്കിലും താരങ്ങളുടെ രാഷ്ട്രീയ നിലപാട് ജനങ്ങളെ സ്വാധീനിക്കുന്നില്ല എന്നതായിരുന്നു കേരള രാഷ്ട്രീയത്തെ തന്നെ വ്യത്യസ്തമാക്കുന്നത്. എന്നാല്‍ അടുത്തകാലത്തായി ചിലമാറ്റങ്ങള്‍ കേരളത്തിലും പ്രകടമാണ്. ഇതിന്റെ ഭാഗമായി നിയമസഭയിലും ലോക്‌സഭയിലും രാജ്യസഭയിലും കേരളത്തില്‍ നിന്നും സിനിമാ താരങ്ങളെത്തി.

ലെനില്‍ രാജേന്ദ്രനിലൂടെ തുടക്കം
സിനിമാ മേഖലയില്‍ നിന്നും ആദ്യം തിരഞ്ഞെടുപ്പ് രംഗത്ത് വന്നത് സംവിധാകന്‍ ലെനിന്‍ രാജേന്ദ്രനാണ്. ഒറ്റപ്പാലത്ത് 1989 യില്‍ സി പി എമ്മിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹം കെ.ആര്‍ നാരായണനോട് തോറ്റു. 1991ലും കെ ആര്‍ നാരായണനെതിരെ ഒറ്റപ്പാലത്ത് തന്നെ വീണ്ടും മത്സരിച്ചുവെങ്കിലും പരാജയം ആവര്‍ത്തിച്ചു. പിന്നീട് തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തേക്ക് ലെനിന്‍ രാജേന്ദ്രന്‍ വന്നില്ല. അതിന് ശേഷം വീണ്ടുമൊരു നക്ഷത്രത്തിളക്കമുണ്ടായത് 1999ലായിരുന്നു. ആലപ്പുഴ മണ്ഡലത്തില്‍ നിന്നും ഭരത് അവാര്‍ഡ് ജേതാവായ നടന്‍ മുരളിയാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. വി.എം. സുധീരനെതിരായി മത്സരത്തില്‍ മുരളിക്ക് വിജയിക്കാനായില്ല.

പത്തനാപുരത്തെ താരപോരാട്ടങ്ങള്‍
സിനിമാ-സാഹിത്യ മേഖലകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ ജനപ്രതിനിധിയായി എന്ന റെക്കോര്‍ഡ് കേരളാ കോണ്‍ഗ്രസ് (ബി)യുടെ കെ.ബി ഗണേശ് കുമാറിനാണ്. 2001 മുതല്‍ തുടര്‍ച്ചയായി നാല് തവണ അദ്ദേഹം പത്താനപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുകയാണ്. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ഭാഗമായി അദ്ദേഹം മത്സരിച്ചു ജയിച്ചു. രണ്ട് തവണ മന്ത്രിയുമായി. ഗണേശ് കുമാര്‍ മത്സരിക്കുന്ന പത്തനാപുരം മണ്ഡലത്തില്‍ മറ്റൊരു പ്രത്യേകത കൂടി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉണ്ടായി. പത്തനാപുരം മണ്ഡലത്തില്‍ മൂന്ന് മുന്നണികള്‍ക്കും വേണ്ടി ഏറ്റുമുട്ടിയ മൂന്ന് സ്ഥാനാര്‍ത്ഥികളും സിനിമാ നടന്മാരായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിറ്റിങ് എംഎല്‍എ കെ.ബി ഗണേശ് കുമാറും യുഡിഎഫിന് വേണ്ടി പി.വി ജഗദീഷ് കുമാര്‍ എന്ന ജഗദീഷും ബിജെപി സ്ഥാനാര്‍ത്ഥിയായി രഘു ദാമോദരന്‍ എന്ന ഭീമന്‍ രഘുവുമാണ് രംഗത്തിറങ്ങിയത്. പത്തനാപുരത്ത് ബോക്‌സോഫീസ് വിജയം ഗണേശനായിരുന്നു. മണ്ഡലത്തിലെ പതിവ് തെറ്റിക്കാതെ ജഗദീഷ് രണ്ടാംസ്ഥാനത്തും ഭീമന്‍ രഘു മൂന്നാം സ്ഥാനത്തും എത്തി. ഇത്തവണയും ഗണേശ് കുമാറാണ് പത്തനാപുരത്ത് മത്സരിക്കുന്നത്.

ഇന്നസെന്റിന്റെ ജയവും പരാജയവും
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുരളിക്ക് ശേഷം വീണ്ടും സിനിമയില്‍ നിന്നുമുള്ള പ്രതിഭകള്‍ മത്സരിച്ചത് 2014ലാണ്. ചാലക്കുടിയില്‍ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച നടന്‍ ഇന്നസെന്റ് ലോക്സഭയിലേക്ക് ജയിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചുവെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹന്നാനോട് അദ്ദേഹം പരാജയപ്പെട്ടു.
കൊല്ലത്തിന്റെ സ്വന്തം മുകേഷ്
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മറ്റൊരു നടന്‍ കൂടി ജയിച്ചു കയറി. കൊല്ലം മണ്ഡലത്തില്‍ നിന്നും സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു നടന്‍ മുകേഷിന്റെ മത്സരം. ഇത്തവണയും മുകേഷ് സിപിഎം സ്ഥാനാര്‍ത്ഥിയായി അതെ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുകയാണ്. സംവിധാകന്‍ അലി അക്ബര്‍ കഴിഞ്ഞ രണ്ടു തവണയും പാര്‍ട്ടി മാറിയാണ് മത്സരിച്ചത്. ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി 2014 ല്‍ വടകരയില്‍ മത്സരിച്ചുവെങ്കിലും അദ്ദേഹം തോറ്റു. പിന്നീട് പാര്‍ട്ടി മാറി 2016ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കൊടുവള്ളി നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചുവെങ്കിലും വീണ്ടും തോല്‍വിയായിരുന്നു ഫലം.
ഇത്തവണ മത്സരരംഗത്തുള്ളവർ
ഇത്തവണ സിനിമാ രംഗത്തുള്ള ആറു പേരാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്ക് വേണ്ടി രണ്ട് പേര്‍ വീതം. എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലേക്ക് മാറിയാണ് നിര്‍മാതാവും അഭിനേതാവും സംവിധായകനുമായ മാണി സി. കാപ്പന്‍ സ്ഥിരം മണ്ഡലമായ പാലയില്‍ മത്സരിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച എല്‍ഡിഎഫ് എംഎല്‍എയാണ് കാപ്പന്‍. മുമ്പ് ലോകസഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിരുന്നുവെങ്കിലും തോല്‍വിയായിരുന്നു ഫലം. കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മാണി സി കാപ്പന്‍ ആദ്യമായി വിജയിച്ചത്. ജോസ് കെ. മാണി വിഭാഗം കേരളാ കോണ്‍ഗ്രസ് എല്‍ഡിഎഫിലേക്ക് വന്നപ്പോള്‍ പാലാ സീറ്റിനെ ചൊല്ലി തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് മാണി സി കാപ്പന്‍ പാര്‍ട്ടിയും മുന്നണിയും വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫില്‍ ചേര്‍ന്ന്, പാലയില്‍ മത്സരിക്കുന്നത്. ബാലുശേരിയില്‍ മത്സരിക്കുന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാണ് യു.ഡി.എഫിനായി മത്സരിക്കുന്ന മറ്റൊരു സിനിമാ താരം.
ബിജെപിയുടെ സുരേഷ് ഗോപിയും കൃഷ്ണകുമാറും
രാഷ്ട്രപതി നോമിനേറ്റ് ചെയ്ത് രാജ്യസഭാംഗമായ നടനാണ് സുരേഷ് ഗോപി. 1997 ല്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് അദ്ദേഹം നേടിയിരുന്നു. 2016ല്‍ രാജ്യസഭാ അംഗമായ അദ്ദേഹം 2019ല്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ചുവെങ്കിലും തോല്‍വിയായിരുന്നു ഫലം. തൃശൂരെടുക്കാനിറങ്ങിയ സുരേഷ് ഗോപി അന്ന് വെറുംകൈയ്യോടെ രാജ്യസഭയിലേക്ക് മടങ്ങി. ഇത്തവണ തൃശൂര്‍ മണ്ഡലത്തില്‍ നിന്നും കേരള നിയമസഭയിലേക്ക് ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് അദ്ദേഹം. രാഷ്ട്രപതി നോമിനേറ്റ് ചെയ്ത രാജ്യസഭാംഗമായിരിക്കേ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധിയായി ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ആദ്യവ്യക്തിയായിരിക്കും സുരേഷ് ഗോപി. തിരുവനന്തപുരം സെന്‍ട്രല്‍ എന്ന മണ്ഡലത്തില്‍ കഴിഞ്ഞ തവണ ക്രിക്കറ്ററെ ഇറക്കി തോറ്റ ബിജെപി ഇത്തവണ വീണ്ടും ഈ മണ്ഡലത്തില്‍ പുതിയ പരീക്ഷണം നടത്തുകയാണ്. സിനിമ-സീരിയല്‍ നടനായ കൃഷ്ണകുമാര്‍ ജി യാണ് ഇവിടെ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.