mobile-

പെട്ടെന്നൊരു ദിവസം കൊവിഡ് ഭീതിയിൽ രാജ്യം ലോക്കായപ്പോൾ ജനം സമയം കൊല്ലാൻ പുതുവഴികൾ തേടിയെന്ന് തെളിയിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്. വീട്ടിൽ കഴിഞ്ഞ നാളുകളിൽ സ്മാർട്ട് ഫോണുകളിൽ ഗെയിമുകൾ കളിച്ചാണ് ജനം സമയം ചെലവഴിച്ചത്. ഇന്ത്യയിലെ മൊബൈൽ ഉപയോക്താക്കളിൽ 45 ശതമാനവും ലോക്ക്ഡൗൺ സമയത്ത് അവരുടെ സ്മാർട്ട്‌ഫോണുകളിൽ ഗെയിമുകൾ കളിക്കാൻ തുടങ്ങിയെന്ന് ഇൻമോബി നടത്തിയ സർവേയിൽ പറയുന്നു. ഇതിനായി അവർ നിരവധി ആപ്പുകളാണ് ഡൗൺലോഡ് ചെയ്തത്. രാജ്യത്ത് അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കിയതോടെ ഓൺലൈൻ ഗെയിമിലേക്ക് കൂടുതൽ പേർ ആകൃഷ്ടരായത്.

സാധാരണയായി ഇന്ത്യയിൽ നാൽപ്പത് ശതമാനത്തോളം ആളുകൾ ദിവസവും പത്ത് മിനിട്ട് മൊബൈലിൽ ഗെയിമുകൾ കളിക്കുവാനായി സമയം ചെലവഴിക്കുന്നുണ്ട്. എന്നാൽ ലോക്ക്ഡൗൺ ദിവസങ്ങളിൽ ഇത്തരക്കാർ ഒരുമണിക്കൂറോളം സ്ഥിരമായി ഗെയിമുകൾ കളിക്കുന്നതിനായി ചെലവഴിച്ചു. ഇന്ത്യയിൽ മൊബൈൽ ഗെയിം കളിക്കുന്നവരിൽ 43 ശതമാനം പേരും സ്ത്രീകളാണ്. ഇതിൽ 12 ശതമാനം പേരും 25-44 വയസിന് ഇടയിലുള്ള സ്ത്രീകളാണ്, അതേസമയം 28 ശതമാനം പേരും 45 വയസിന് മുകളിലുള്ളവരാണ് എന്നതാണ് പ്രത്യേകത. ലോകത്തിൽ മൊബൈൽ ഗെയിമുകൾക്ക് പ്രിയമുള്ള അഞ്ച് രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്.