corp

തിരുവനന്തപുരം: വ്യാവസായികമായ ആവശ്യങ്ങൾക്ക് അടക്കം ഭൂമിയേറ്റെടുക്കുന്നത് സംബന്ധിച്ച വ്യവസ്ഥകൾ കർശനമാക്കാൻ നഗരസഭയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഭൂമിയേറ്റെടുക്കുന്നതിന് മുമ്പ് പരിസ്ഥിതി ദുർബല പ്രദേശമാണോ, തീരദേശ പരിപാലന നിയമത്തിന്റെ ലംഘനമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കാൻ നഗരസഭ തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കാനുള്ള അപേക്ഷകൾ സമർപ്പിക്കുമ്പോൾ ഈ രണ്ട് കാര്യങ്ങളും ലംഘിക്കപ്പെട്ടില്ലെന്ന വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ട് ഹാജരാക്കേണ്ടി വരും. പ്രധാനമായും വീട് നിർമ്മാണ പദ്ധതികൾക്കായാണ് തദ്ദേശ സ്ഥാപനങ്ങൾ ഭൂമി ഏറ്റെടുക്കുന്നത്.

നേരത്തെ പല തദ്ദേശ സ്ഥാപനങ്ങളും ഭൂമി ഏറ്റെടുക്കലിന് അനുമതി തേടിക്കൊണ്ട് കൃത്യതയില്ലാത്ത വിവരങ്ങൾ അടങ്ങിയ അപേക്ഷകൾ സമർപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് തദ്ദേശസ്വയം ഭരണ വകുപ്പ് നിബന്ധനകൾ കർശനമാക്കി സർക്കുലർ ഇറക്കിയത്. വ്യക്തതയില്ലാത്തതും സുതാര്യമല്ലാത്തതുമായ വിവരങ്ങൾ ഉൾപ്പെടുത്തിയതോടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വൈകുകയും അത് ഭൂമിയുടെ വില വർദ്ധനയ്ക്ക് ഇടയാക്കുകയും ചെയ്തു. ഇതിനൊപ്പം തദ്ദേശ സ്ഥാപനങ്ങൾക്ക് ഭീമമായ സാമ്പത്തിക നഷ്ടവും ഉണ്ടാക്കി.

ഇനി മുതൽ ഭൂമി ഏറ്റെടുക്കലിന് അപേക്ഷ നൽകുമ്പോൾ പുതിയ ഫോർമാറ്റിൽ വേണം അപേക്ഷിക്കേണ്ടത്. അപേക്ഷയ്ക്കൊപ്പം പരിസ്ഥിതി ലോല പ്രദേശമോ തീരദേശ പരിപാലന മേഖലയിൽ പെടുന്നതോ ആയ ഭൂമിയല്ലെന്നതടക്കമുള്ള പ്രധാനപ്പെട്ട രേഖകളും ഹാജരാക്കണം. ഏറ്റെടുക്കുന്ന ഭൂമിയുടെ ആവശ്യകത, ജില്ലാ ആസൂത്രണ കമ്മിറ്റിയുടെ അംഗീകാരം, ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഏകദേശ ചെലവ്, തുകയുടെ ഉറവിടം, ഭൂമിയുടെ സ്വഭാവം, ഭൂമിയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ എന്നിവ കൃത്യമായി ഹാജരാക്കണം.

ഭൂമി ഏറ്റെടുക്കൽ മുടങ്ങി

കൃത്യമല്ലാത്തതും വ്യക്തത ഇല്ലാത്തതുമായ വിവരങ്ങൾ ഉൾപ്പെടുത്താത്തതിനെ തുടർന്ന് ഭൂമി ഏറ്റെടുക്കാൻ നഗരസഭയ്ക്ക് കഴിയാതെ പോയ സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്തിരുന്നു. പലപ്പോഴും കൈയേറിയ ഭൂമിയോ മറ്റോ ആയിരിക്കും ഏറ്റെടുക്കുക. ഭാവിയിൽ ഇത് നിയമപ്രശ്നങ്ങളിലേക്ക് വഴിവയ്ക്കുകയും ചെയ്യും.


സ്വകാര്യ വ്യക്തികളും മത സ്ഥാപനങ്ങളും നഗരസഭയുടെ ഭൂമി കൈയേറിയതിനാൽ തന്നെ കോർപ്പറേഷൻ വിഭാവനം ചെയ്ത പല സുപ്രധാന പദ്ധതികളും ഉപേക്ഷിക്കേണ്ടിയും വന്നിട്ടുണ്ട്. ബീമാപള്ളിയിൽ ഒരു പരിശീലന കേന്ദ്രം സ്ഥാപിക്കാനായി 3.5 ഏക്കർ ഭൂമി ഏറ്റെടുത്ത ശേഷം മത സ്ഥാപനത്തിന്റേതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അത് തിരിച്ചു നൽകേണ്ടിവന്ന സംഭവവും ഉണ്ടായിട്ടുണ്ട്. പാപ്പനംകോട്ട് വ്യാവസായിക കേന്ദ്രം സ്ഥാപിക്കുന്നതിനായി 8.5 ഏക്കർ ഭൂമി കണ്ടെത്തിയെങ്കിലും കൈയേറ്റത്തെ തുടർന്ന് അത് റദ്ദാക്കേണ്ടി വന്നു. കോർപ്പറേഷൻ തങ്ങളുടേതെന്ന് കരുതിയിരുന്ന ജഗതിയിലെ ഭൂമിയിൽ സ്ഥാപിക്കാനിരുന്ന സ്വന്തം പെട്രോൾ പമ്പെന്ന സ്വപ്നം ഉപേക്ഷിക്കേണ്ടി വന്നതും അടുത്തകാലത്താണ്. നിർദ്ദിഷ്ട ഭൂമി റവന്യൂ വകുപ്പിന്റേതാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. മറ്റൊരിടത്തെ ഭൂമിക്ക് പകരമായാണ് കോർപ്പറേഷന് ജഗതിയിലെ ഭൂമി ലഭിച്ചതെങ്കിലും ഇത് തെളിയിക്കാനുള്ള രേഖകൾ കോർപ്പറേഷന്റെ കൈവശമില്ലാതെ വന്നതോടെ ഭൂമി നഷ്ടമാകുകയായിരുന്നു.