highcourt

കൊച്ചി: സംസ്ഥാനത്ത് അരിവിതരണം ചെയ്യുന്നത് തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. സ്‌പെഷ്യൽ അരി വിതരണം തുടരാമെന്ന് കോടതി ഉത്തരവിട്ടു. എന്നാൽ അരിവിതരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് നിർദ്ദേശവും കോടതി നൽകി. സർക്കാർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ഇലക്ഷൻ വിജ്ഞാപനം വന്ന ഫെബ്രുവരി നാലിന് മുൻപുതന്നെ സർക്കാർ അരിവിതരണ തീരുമാനമെടുത്തിരുന്നെന്നും കോടതി നിരീക്ഷിച്ചു.

മുൻഗണനേതര വിഭാഗങ്ങൾക്ക് ഉൾപ്പടെ 15 രൂപക്ക് 10 കിലോ അരി എന്ന രീതിയിൽ കൊവിഡ് കാലത്ത് ആരംഭിച്ചതാണ് അരി വിതരണമെന്നും നേരത്തെയുള‌ള നടപടിയുടെ തുടർച്ചയാണ് ഇതെന്നുമായിരുന്നു കോടതിയിൽ സർക്കാരിന്റെ വാദം. എന്നാൽ തുടർ പ്രക്രിയയെങ്കിൽ ഓഗസ്‌റ്റിൽ അരിവിതരണം നിർത്തിയത് എന്തിനെന്നും ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള‌ള നടപടിയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വാദിച്ചു.മാർച്ച്-ഏപ്രിൽ മാസത്തിൽ അരി വിതരണം ചെയ്യുന്നതിൽ ചട്ടലംഘനമുണ്ടെന്നും കമ്മീഷൻ പറഞ്ഞു. എന്നാൽ ഈ വാദം തടഞ്ഞ് സർക്കാരിനോട് അരി വിതരണം തുടരാൻ കോടതിആവശ്യപ്പെടുകയായിരുന്നു.

അരിവിതരണം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നുള‌ള പ്രതിപക്ഷ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മുൻപ് വിതരണം തടഞ്ഞ് ഉത്തരവിട്ടത്. ഇതിന് മുൻപുതന്നെ തീരുമാനിച്ചതാണ് അരിവിതരണമെന്ന് സർക്കാർ കമ്മീഷന് വിശദീകരണവും നൽകി.