കടലും കായലും കാനനവും ഇഴപിരിഞ്ഞുകിടക്കുന്ന കൊല്ലത്ത് കശുഅണ്ടിയും തോട്ടം മേഖലയും മത്സ്യബന്ധനമേഖലയും എല്ലാ തിരഞ്ഞെടുപ്പുകളിലും നിർണായക സ്വാധീനമാകാറുണ്ട്. എന്നാൽ ഇക്കുറി ആഴക്കടൽ മത്സ്യബന്ധന വിവാദവും കശുഅണ്ടിയും കൂടുതൽ ചർച്ചയാകുമ്പോൾ ഇടതുമുന്നണിയുടെ നെഞ്ചിടിപ്പേറുന്നു. പൂജ്യത്തിൽ നിന്ന് പരമാവധി സീറ്റുകൾ നേടാൻ യു.ഡി.എഫും നില മെച്ചപ്പെടുത്താൻ എൻ.ഡി.എയും കിണഞ്ഞു പരിശ്രമിക്കുമ്പോൾ പല മണ്ഡലങ്ങളിലും മത്സരക്കാറ്റിന് ചൂടേറുന്നു. ജില്ലയിലെ 11 അസംബ്ളി സീറ്റുകളും കൈവശമുള്ള എൽ.ഡി.എഫിന് ഇതിൽ നിന്ന് ഒരു സീറ്റ് പോലും നഷ്ടപ്പെടുന്നത് സംസ്ഥാനത്തെ തുടർഭരണ സാദ്ധ്യതയ്ക്കാകും മങ്ങലേൽപ്പിക്കുക. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നുംജയം ആവർത്തിക്കുമെന്ന് പ്രതീക്ഷിച്ച ഇടതുമുന്നണിക്ക് അത്ര ശുഭപ്രതീക്ഷ നൽകുന്നതല്ല സമീപകാലത്ത് ഉയർന്നുവന്ന ആഴക്കടൽ മത്സ്യബന്ധന വിവാദവും കശുഅണ്ടിമേഖലയിലെ മുരടിപ്പും. ഇടതുമുന്നണിക്ക് തുടർഭരണം പ്രവചിക്കുന്ന സർവേ ഫലങ്ങളെപ്പോലും അപ്രസക്തമാക്കുന്ന പോരാട്ട വീര്യത്തിലാണ് പല മണ്ഡലങ്ങളും . എൽ.ഡി.എഫും യു.ഡി.എഫും നേർക്കുനേർ ഏറ്റുമുട്ടുന്ന മണ്ഡലങ്ങളാണ് ഏറെയും. ആകെയുള്ള 11 മണ്ഡലങ്ങളിൽ ചാത്തന്നൂരിൽ മാത്രമാണ് ശക്തമായ ത്രികോണ മത്സരം നടക്കുന്നത്.
സംസ്ഥാനം ഉറ്റുനോക്കുന്ന കുണ്ടറ
സംസ്ഥാനത്ത് ശ്രദ്ധേയമായ മത്സരങ്ങൾ അരങ്ങേറുന്ന മണ്ഡലങ്ങളിലൊന്ന് കുണ്ടറയാണ്. ഫിഷറീസ് മന്ത്രിയും സി.പി.എമ്മിലെ വനിതാ നേതാവുമായ ജെ.മേഴ്സിക്കുട്ടിയമ്മ ഇവിടെ ആറാംതവണ ജനവിധി തേടുകയാണ്. നേരത്തെ അഞ്ച് തവണ മത്സരിച്ച അവർ മൂന്നുതവണ വിജയിച്ചിരുന്നു. കശുഅണ്ടി വ്യവസായത്തിന്റെ ചുമതല കൂടിയുള്ള മന്ത്രിയാണ് അവർ. ഇപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന ആഴക്കടൽ മത്സ്യബന്ധന വിവാദ കരാറുമായി ബന്ധപ്പെട്ട ആരോപണവിധേയ കൂടിയായ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ കൊല്ലം രൂപത പുറത്തിറക്കിയ ഇടയലേഖനം ലത്തീൻ പള്ളികളിൽ വായിക്കുക കൂടി ചെയ്തത് അവരെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇടയലേഖനത്തിനെതിരെ മന്ത്രി പ്രതിഷേധിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം കൊല്ലത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലം രൂപതയെ വിമർശിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വിമർശനത്തിനെതിരെ രൂപതയും പ്രതിഷേധിച്ചത് കുണ്ടറയിൽ മാത്രമല്ല, കൊല്ലം മണ്ഡലത്തിലും ഇടതു സ്ഥാനാർത്ഥികളുടെ വിജയത്തെ ബാധിക്കുന്നതാണ്. വിവാദമായ ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട അമേരിക്കൻ ആസ്ഥാനമായ കമ്പനിയുടെ എം.ഡി ഷിജു എം. വർഗീസ് കുണ്ടറയിലെത്തി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായത് സി.പി.എമ്മിനെയും ഇടതുമുന്നണിയെയും ശരിയ്ക്കും വെട്ടിലാക്കി. വിവാദത്തിൽ മന്ത്രിയും മുഖ്യമന്ത്രിയും ആവർത്തിച്ചുകൊണ്ടിരുന്ന കാര്യങ്ങളൊന്നും ശരിയായിരുന്നില്ലെന്ന് പിന്നാലെ വന്ന വാർത്തകൾ സ്ഥിരീകരിക്കുക കൂടി ചെയ്തതോടെ മേഴ്സിക്കുട്ടിയമ്മ ഇവിടെ പ്രതിരോധത്തിലായി. കോൺഗ്രസ് യുവനേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.സി വിഷ്ണുനാഥ് വൈകിയാണ് കുണ്ടറയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തിയതെങ്കിലും പ്രചാരണത്തിൽ മുന്നിലെത്തിയിട്ടുണ്ട്. ജില്ലയിൽ ഏറ്റവുമധികം കശുഅണ്ടി ഫാക്ടറികളുള്ള മണ്ഡലം കൂടിയാണ് കുണ്ടറ.
കശുഅണ്ടി മേഖലയിലെ വാഗ്ദാനങ്ങൾ
2016 ൽ അധികാരത്തിലേറിയ ഇടതുമുന്നണി സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു അടഞ്ഞു കിടക്കുന്ന കശുഅണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിപ്പിക്കുമെന്നത്. കശുഅണ്ടി വികസന കോർപ്പറേഷനും കാപ്പക്സിനും കീഴിലുള്ള 40 ഫാക്ടറികളിലായി 15000 ഓളം തൊഴിലാളികളുണ്ട്. എന്നാൽ 700 ഓളം ഫാക്ടറികളുള്ള സ്വകാര്യമേഖലയിലാണ് രണ്ടുലക്ഷത്തോളം തൊഴിലാളികളുള്ളത്. സർക്കാർ മേഖലയിലെ ഫാക്ടറികളിൽ ഇടയ്ക്കിടെ ജോലി നടക്കുന്നതൊഴിച്ചാൽ സ്വകാര്യ മേഖലയിലെ 90 ശതമാനം ഫാക്ടറികളും അടഞ്ഞുകിടപ്പാണ്. ഫാക്ടറികൾ തുറന്നു പ്രവർത്തിപ്പിക്കാൻ മന്ത്രിസഭയുടെ തുടക്കകാലത്ത് ചില നടപടികൾ ഉണ്ടായെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തിയില്ല. ഇതിനിടെ കടബാദ്ധ്യത മൂലം സ്വകാര്യ ഫാക്ടറി ഉടമകളായ നിരവധിപേർ ആത്മഹത്യ ചെയ്ത സംഭവവുമുണ്ടായി. ഇവരിൽ നാലുപേരും കുണ്ടറ മണ്ഡലത്തിലുള്ളവരാണെന്നതും ശ്രദ്ധേയമാണ്. വിദേശത്ത് നിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്യാൻ രൂപീകരിച്ച കാഷ്യുബോർഡും വേണ്ടത്ര ഫലം നല്‌കിയില്ല. കാഷ്യുബോർഡ് വഴി ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടി സ്വകാര്യ ഫാക്ടറികൾക്കും നൽകുമെന്നായിരുന്നു പ്രഖ്യാപനം. കശുഅണ്ടി മേഖലയിലെ അസ്വസ്ഥതകൾക്ക് പിന്നാലെ എത്തിയ ആഴക്കടൽ മത്സ്യബന്ധന വിവാദം കൂടി കുണ്ടറ മണ്ഡലത്തിൽ യു.ഡി.എഫ് സജീവ ചർച്ചയാക്കുന്നതിനാൽ തിരഞ്ഞെടുപ്പ് ഫലം നിർണായകമാകും.
മുകേഷിന്റെ രണ്ടാമൂഴം
കൊല്ലത്തെ സിറ്റിംഗ് എം.എൽ.എ യും സിനിമാതാരവുമായ എം. മുകേഷിന്റെ രണ്ടാംവിജയം സാദ്ധ്യമാകുമോ എന്നതും കേരളം ഉറ്റുനോക്കുന്നുണ്ട്. മണ്ഡലത്തിലെ 'ഗസ്റ്റ് ആർട്ടിസ്റ്റ് എം.എൽ.എ' എന്ന് ഇടതുമുന്നണിക്കാർ പോലും വിശേഷിപ്പിച്ച മുകേഷിനെതിരെ കോൺഗ്രസിലെ വനിതാ നേതാവും ഡി.സി.സി പ്രസിഡന്റുമായ ബിന്ദുകൃഷ്ണ ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. മത്സ്യബന്ധന വിവാദവും ഇടയലേഖനവുമെല്ലാം നേരിട്ട് ചർച്ചയാകുന്ന മണ്ഡലമാണ് കൊല്ലം.
എൻ.ഡി.എ ജില്ലയിൽ അട്ടിമറി സൃഷ്ടിക്കുമോ എന്ന് സംസ്ഥാനം ഉറ്റുനോക്കുന്ന മണ്ഡലമാണ് ചാത്തന്നൂർ. 2016 ലെ സ്ഥാനാർത്ഥികൾ തന്നെയാണ് ഇക്കുറിയും നേർക്കുനേർ പോരാടുന്നത്. സിറ്റിംഗ് എം.എൽ.എ സി.പി.ഐയിലെ ജി.എസ് ജയലാൽ മൂന്നാം തവണ ജനവിധി തേടുമ്പോൾ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കൂടിയായ ബി.ബി ഗോപകുമാറാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർത്ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയലാലിനു പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയ ഗോപകുമാർ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ശൂരനാട് രാജശേഖരനെയാണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ഇക്കുറി എൻ.പീതാംബരക്കുറുപ്പാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. നായർ, ഈഴവ വോട്ടുകൾക്ക് വ്യക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ നായർ വോട്ടുകൾ ഭിന്നിച്ചാൽ ഗോപകുമാറിനാകും ഗുണം ചെയ്യുക. എൻ.എസ്.എസ് നേതൃത്വവുമായി കൊമ്പുകോർത്ത സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടിൽ പ്രതിഷേധമുള്ള നായർ വോട്ടുകളിലാണ് ഇവിടെ പീതാംബര കുറുപ്പിന്റെ പ്രതീക്ഷ.
ആർ.എസ്.പി അസംബ്ളിയിൽ വീണ്ടും എത്തുമോ ?
കൊല്ലത്തെ നിർണായക രാഷ്ട്രീയ പ്രസ്ഥാനമായിരുന്ന ആർ.എസ്.പിക്ക് നിലവിലെ നിയമസഭയിലാണ് പതിറ്റാണ്ടുകൾക്ക് ശേഷം ഒരംഗം പോലും ഇല്ലാതായത്. എന്നാൽ ഇക്കുറി ആർ.എസ്.പിയിൽ നിന്ന് രണ്ടുപേർ ജില്ലയിൽ മത്സരിക്കുന്നുണ്ട്. ചവറയിൽ ഷിബുബേബിജോണും ഇരവിപുരത്ത് ബാബു ദിവാകരനും. രണ്ടിടത്തും ശക്തമായ മത്സരം നടക്കുന്നതിനാൽ അട്ടിമറികൾ നടക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. ചവറയിൽ, അന്തരിച്ച എം.എൽ.എ എൻ. വിജയൻപിള്ളയുടെ മകൻ ഡോ.സുജിത്ത് ശക്തമായ സാന്നിദ്ധ്യമായി മത്സരരംഗത്തുള്ളപ്പോൾ ഷിബു ബേബിജോണിന് ഈസി വാക്കോവറാകില്ല. പുതുമുഖമാണെങ്കിലും വിജയൻപിള്ളയ്ക്ക് മണ്ഡലത്തിലുണ്ടായിരുന്ന സ്വീകാര്യതയാണ് ഡോ.സുജിത്തിനും അനുകൂല ഘടകം.
ഇരവിപുരത്ത് സിറ്റിംഗ് എം.എൽ.എ എം. നൗഷാദിനെയാണ് ബാബുദിവാകരൻ നേരിടുന്നത്. ജനകീയനെന്ന് പേരെടുത്ത നൗഷാദിന് ആർ.എസ്.പി സ്ഥാപക നേതാവ് ടി.കെ ദിവാകരന്റെ മകനും മുൻ മന്ത്രിയുമായ ബാബുദിവാകരൻ ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. ബാബുദിവാകരന്റെയും ഷിബുബേബിജോണിന്റെയും വിജയത്തെയും ആശ്രയിച്ചാകും ആർ.എസ്.പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നിലനില്‌പ്.