
ചെന്നൈ: മഹാഭാരതം എന്ന ടിവി സീരിയലിലെ പരമശിവന്റെ ശബ്ദത്തിന്റെ ലയിച്ചിരുന്ന മലയാളികള്‍ ഷാറുഖാന്‍ ചെന്നൈ എക്പ്രസ് ചിത്രത്തില്‍ പച്ചമലയാളം പറയുമ്പോഴും അതിനെ കൗതുകത്തോടെ നോക്കിയിരുന്നു. എന്നാല്‍ ആ ശബ്ദത്തിന് പിന്നിലുള്ള ശ്രീകുമാര്‍ മേനോന്‍ എന്ന ശ്രീമേനോനെ നമ്മള്‍ തിരിച്ചറിഞ്ഞില്ല. ഷാറുഖ് ഖാന്‍, അമീര്‍ഖാന്‍, സെയ്ഫ് അലിഖാന്‍, അക്ഷയ് കുമാര്‍ എന്നിവരുടെ മലയാള ശബ്ദമായിരുന്നു ശ്രീകുമര്‍ മേനോന്‍. 90 കളുടെ തുടക്കത്തില്‍ കേരളത്തില്‍ നിന്നും മുംബയില്‍ എത്തി ഡബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തിളങ്ങിയ ശ്രീകുമാര്‍ മേനോന്‍ സൂപ്പര്‍ സ്റ്റാറുകളുടെ എല്ലാം മലയാള ശബ്ദമായിരുന്നു. മലയാളത്തിലേക്ക് മൊഴിമാറ്റചെയ്യപ്പെട്ട നിരവധി ചിത്രങ്ങളിലും അമീര്‍ഖാന്റെ പ്രശ്‌സതമായ ടിവി ഷോ സത്യമേവ ജയതെ എന്ന പരിപാടിക്കും അദ്ദേഹം ശബ്ദം നല്‍കി.
ചെന്നൈയിലേക്ക് സ്വന്തം തട്ടകം മാറ്റിയ അദ്ദേഹം പിന്നീട് കോളിവുഡ് ചിത്രങ്ങളുടെ മലയാള ശബ്ദമായി. കമലഹസന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ദശാവതാരം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോള്‍ ശ്രീമേനോനായിരുന്നു ശബ്ദം നല്‍കിയത്. ഗായകന്‍ എന്ന നിലയിലാണ് ശ്രീമേനോന്‍ അദ്ദേഹത്തിന്റെ കലാജീവിതം ആരംഭിക്കുന്നത്. മുംബയിലെ മലയാളി അസോസിയേഷന്റെ പരിപാടികളില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. ആദ്യ മലയാള ശബ്ദചിത്രമായ ബാലനില്‍ പ്രധാന വേഷം ചെയ്ത കെ.കെ അരൂരിന്റെ ചെറുമനാണ് ശ്രീകുമാരന്‍ മേനോന്‍.