evergiven-

കയ്റോ: ആറ് ദിവസത്തെ ആശങ്കകൾക്ക് വിരാമമിട്ട് സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ എവ‌ർഗിവണിനെ ഭാഗികമായി നീക്കിയതോടെ ചരക്കു ഗതാഗതം ഉടൻ പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ് കനാലിൽ കുടുങ്ങിയ കപ്പലുകൾ. എവർഗിവണിലെ ജീവനക്കാരെല്ലാം തന്നെ ഇന്ത്യക്കാരാണ്.

ഏഷ്യയിൽ നിന്ന്​ യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും തിരിച്ചുമുള്ള കപ്പൽ പാത ആറു ദിവസമായി അടഞ്ഞു കിടക്കുകയാണ്​. ഞായറാഴ്ചത്തെ കണക്കുകൾ പ്രകാരം എൽ.എൻ.ജി, എൽ.പി.ജി ഉൽപ്പന്നങ്ങൾ, വസ്​ത്രം, ഫർണിച്ചർ, നിർമാണ സാമഗ്രികൾ, കാർ സ്​പെയർ പാർടുകൾ അടക്കമുള്ളവ കയറ്റിയ 369ലധികം കപ്പലുകളാണ്​ ഇരുവശങ്ങളിലുമായി കുടുങ്ങി കിടക്കുന്നത്​. ചില കപ്പലുകളിൽ കന്നുകാലികളാണുള്ളത്. അതേസമയം,​ കനാലിൽ കുടുങ്ങിയത് വഴി വലിയ നഷ്ടം നേരിട്ട കപ്പലുകൾക്ക് ഇളവ് അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് സൂയസ് കനാൽ അതോറിറ്റി അറിയിച്ചു.

 സൂയസ് കനാൽ

ആഗോള ചരക്കുകപ്പൽ ഗതാഗതത്തിന്റെ 33% ശതമാനവും 193 കിലോമീറ്റർ ദൈർഘ്യമുള്ള സൂയസ് കനാൽ വഴിയാണ് നടക്കുന്നത്. ഇത് ആഗോള ചരക്കു നീക്കത്തിന്റെ 12 ശതമാനമാണ്. നിലവിലെ പ്രതിസന്ധിയുടെ പ്രത്യാഖ്യാതം പടിഞ്ഞാറൻ യൂറോപ്പിലെ എല്ലാ തുറമുഖങ്ങളും അനുഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ. കപ്പലുകൾ ചരക്കിറക്കി മടങ്ങാനായി പതിവിലേറെ കാത്തുകിടക്കേണ്ടിവരും. കനാൽ വഴിയുള്ള എണ്ണക്കയറ്റുമതിയിൽ മുന്നിൽ റഷ്യയും സൗദി അറേബ്യയുമാണ്. എണ്ണ ഇറക്കുമതിയിൽ മുന്നിൽ ഇന്ത്യയും ചൈനയും. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത ജലഗതാഗത സംവിധാനമാണ് സൂയസ് കനാൽ.