
തിരുവനന്തപുരം: കമ്മ്യൂണിസം എന്നത് സമൂഹത്തെ ബാധിച്ച അക്രമ സ്വഭാവമുളള ക്യാൻസറാണെന്നും അതിനെ എടുത്തുകളയണമെന്നും ചലച്ചിത്ര താരവും തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ കൃഷ്‌ണകുമാർ.ജി. കമ്മ്യൂണിസ്‌റ്റുകാർ വായ തുറക്കുന്നത് രണ്ട് കാര്യങ്ങൾക്കാണ് തിന്നാനും കളളം പറയാനും. കേരളത്തിൽ നടക്കുന്നത് കാട്ടാള ഭരണമാണെന്നും ഇതിൽനിന്നും രക്ഷനേടാൻ നരേന്ദ്രമോദിയെ മനസിൽ കണ്ട് ബിജെപിക്ക് വോട്ട് ചെയ്യണമെന്നും കൃഷ്‌ണകുമാർ ആവശ്യപ്പെട്ടു.
'ഇവർ എന്നെയും മക്കളെയും കുറേ വിരട്ടി നോക്കി. കുറച്ചുദിവസം എന്നെ ജോലിയിൽ നിന്ന് പുറത്താക്കി. എന്റെ മക്കളെയും ചിലപ്പോൾ പുറത്താക്കും, ഇതെല്ലാം മോദി കാണുന്നുണ്ട്. അതിനപ്പുറം ദൈവം കാണുന്നുണ്ട്. ഭയക്കേണ്ട കാര്യമില്ല, നമ്മുടെ കാലമാണ് ഇനി വരാൻ പോകുന്നത്' . കേരളത്തിൽ കാട്ടാളഭരണമാണ് നടക്കുന്നതെന്നും ഈ ഭരണകൂടത്തെ താഴെയിറക്കണമെന്നും കൃഷ്‌ണകുമാർ പറഞ്ഞു. കേരളം മാത്രമല്ല ഇവിടെ തമിഴ്നാടും ആന്ധ്രയും ഹിന്ദിയുമുണ്ട്. അവിടെ പോയി താൻ അഭിനയിക്കുമെന്ന് കൃഷ്‌ണകുമാർ അഭിപ്രായപ്പെട്ടു.
കൃഷ്‌ണകുമാറിനോ സുരേഷ് ഗോപിയ്‌ക്കോ സുരേന്ദ്രനോ ശോഭയ്‌ക്കോ അല്ല ഭാരതത്തെ രക്ഷിക്കാൻ പ്രതിജ്ഞ ചെയ്‌ത നരേന്ദ്രമോദിക്ക് വോട്ട് ചെയ്യണമെന്നും മോദിയെ ഓർത്തെങ്കിലും എല്ലാവരും വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാരതത്തിന്റെ മുക്കും മൂലയുമറിയുന്ന വ്യക്തിയാണ് മോദിജി. മുന്നൂറ്റമ്പതോളം പദ്ധതികൾ രാജ്യത്ത് അദ്ദേഹം കൊണ്ടുവന്നു.അതിൽ ഏതാനും പദ്ധതികൾ മാത്രം കേരളത്തിലെത്തി. പ്രധാനമന്ത്രിയുടെ പാർപ്പിട പദ്ധതിയുണ്ട്. പക്ഷെ എന്തുചെയ്യാൻ ലൈഫ് മിഷൻ എന്ന് പേരുംമാറ്രി സ്വപ്‌നയെയും ശിവശങ്കറിനെയും കയറ്റിവച്ചു. ഇവിടെ ഭരിക്കുന്നവർക്ക് മാത്രമാണ് ലൈഫ് കിട്ടിയത്. കൃഷ്‌ണകുമാർ പറഞ്ഞു. ജഗതിയിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു കൃഷ്‌ണകുമാർ ഇങ്ങനെ അഭിപ്രായപ്പെട്ടത്.