raja-

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി ഇ. പളനിസ്വാമിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയതിന് ഡി.എം.കെ നേതാവും എം.പിയുമായ എ.രാജ ക്ഷമ ചോദിച്ചു. പ്രസ്താവനയെച്ചൊല്ലി പളനിസ്വാമി പൊതുയോഗത്തിൽ വിങ്ങിപ്പൊട്ടിയതിന് പിന്നാലെയാണ് മാപ്പുപറച്ചിൽ.

'വ്യക്തിപരമായ അധിക്ഷേപമല്ല നടത്തിയത്. രണ്ട് നേതാക്കളുടെ രാഷ്ട്രീയ ജീവിതത്തെ താരതമ്യം ചെയ്യുക മാത്രമാണ് ചെയ്തത്. പളനിസ്വാമിയെയോ അദ്ദേഹത്തിന്റെ അമ്മയെയോ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. എങ്കിലും അദ്ദേഹത്തിന് വിഷമമായെങ്കിൽ മാപ്പ്' എന്ന് രാജ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിനെയും ഇ.പി.എസിനെയും താരതമ്യം ചെയ്യുന്ന എ. രാജയുടെ പ്രസ്താവനയാണ് വിവാദമായത്. നിയമാനുസൃതമായി പിറന്ന പൂർണ പക്വതയെത്തിയ കുഞ്ഞെന്ന് സ്റ്റാലിനെ വിളിച്ചപ്പോൾ 'അവിഹിത ബന്ധത്തിൽ പിറന്ന വളർച്ചയെത്താത്ത കുഞ്ഞ്' എന്നായിരുന്നു ഇ.പി.എസിനെ വിശേഷിപ്പിച്ചത്.

ഇതിനെതിരെ സംസ്ഥാന വ്യാപകമായി അണ്ണാ ഡി.എം.കെ പ്രതിഷേധം സംഘടിപ്പിച്ചു. വെറുപ്പുളവാക്കുന്ന പ്രസ്താവനയാണ് രാജയുടേതെന്ന് പളനിസ്വാമി പ്രതികരിച്ചിരുന്നു.

'മുഖ്യമന്ത്രിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരെ ആരായിരിക്കും സംരക്ഷിക്കുക. എന്റെ മാതാവ് ഗ്രാമീണയായ കർഷകസ്ത്രീയായിരുന്നു. രാത്രിയും പകലും ജോലി ചെയ്തു. അവർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന്റെ പരാമർശം എത്രത്തോളം വെറുപ്പ് നിറഞ്ഞതായിരുന്നു. അത്തരം ആളുകൾ അധികാരത്തിലെത്തിയാൽ സ്ത്രീകളുടെ കാര്യമെന്താകുമെന്ന് ചിന്തിച്ചുനോക്കൂ.'- പളനിസ്വാമി ചോദിച്ചു.

സംഭവത്തിൽ ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് രാജയ്ക്കെതിരെ കേസെടുത്തിരുന്നു. എ.ഐ.എ.ഡി.എം.കെ ചീഫ് ഇലക്ടറൽ ഓഫീസർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എ. രാജയുടെ വിവാദ പ്രസംഗത്തെ തുടർന്ന് എ.ഐ.ഡി.എം.കെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഡി. രാജയുടെ കോലം കത്തിക്കുകയും അറസ്റ്റ് ആവശ്യപ്പെടുകയും ചെയ്തു.