
വാഷിംഗ്ടൺ: ഭൂമിയെ ആഗോളതാപനത്തിൽ നിന്ന് രക്ഷിയ്ക്കാൻ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ശതകോടീശ്വരൻ ബിൽ ഗേറ്റ്സ്. ആഗോള താപനത്തെ നേരിടാൻ ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറക്കുക എന്നതാണ് ബില്ലിന്റെ ആശയം. അതായത് സൂര്യനെ ഭാഗികമായി മറയ്ക്കുക. ഇതിനായി ഹാർവാഡ് സർവകലാശാലയിൽ സോളാർ എൻജിനീയറിംഗ് റിസർച്ച് പ്രോഗ്രാമിന് വേണ്ട സാമ്പത്തിക സഹായങ്ങളും ഗേറ്റ്‌സ് നൽകി. ഭൂമിയുടെ ഉപരിതലത്തിലേക്കെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറയ്ക്കുന്നതിലെ പ്രായോഗികതയാണ് ഈ പദ്ധതിയിലൂടെ പഠനവിധേയമാക്കുന്നത്.
ആശയങ്ങൾ നിരവധി
സൂര്യപ്രകാശം ഭൂമിയിലെത്തുന്നത് കുറക്കുന്നതിന് പല ആശയങ്ങളും ഗവേഷകർ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇതിൽ പ്രധാനം അന്തരീക്ഷത്തിലേക്ക് എയറോസോൾ കണങ്ങൾ (വായുവിൽ തങ്ങി നിൽക്കുന്ന ഖര, ദ്രാവക സൂഷ്മകണങ്ങൾ) നിക്ഷേപിച്ച് സൂര്യപ്രകാശത്തെ ഭൂമിയിലേക്ക് എത്താതെ പ്രതിഫലിപ്പിക്കുകയെന്ന രീതിയാണ്. 2013ൽ ഇറങ്ങിയ സ്‌നോപിയേഴ്‌സർ എന്ന സിനിമയിലും ഇതേ ആശയമാണുള്ളത്. സൂര്യപ്രകാശം കുറയ്ക്കാൻ നടത്തിയ പരീക്ഷണം വൻ തിരിച്ചടിയാവുന്നതും ഭൂമി തന്നെ ഒരു മഞ്ഞുഗോളമായി മാറുന്നതും മനുഷ്യന്റെ അതിജീവനത്തിന്റെ ശ്രമങ്ങളുമായിരുന്നു സിനിമയുടെ ഉള്ളടക്കം.
സൂര്യപ്രകാശം തടഞ്ഞപ്പോൾ
പ്രകൃത്യാ സൂഷ്മകണങ്ങൾ വഴി ഭൂമിയിലേക്കുള്ള സൂര്യപ്രകാശം തടഞ്ഞ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2010ൽ ഐസ്‌ലൻഡിൽ നടന്ന ഒരു അഗ്നിപർവതസ്‌ഫോടനം ഇതിന് മികച്ച ഉദാഹരണമാണ്. അന്ന് അഗ്നിപർവതസ്‌ഫോടനത്തെ തുടർന്നുണ്ടായ പൊടിപടലങ്ങൾ യൂറോപ്പിലെ പല പ്രദേശങ്ങളിലും സൂര്യപ്രകാശത്തെ തടഞ്ഞിരുന്നു.
ദിനോസറുകളുടെ വംശനാശത്തിനിടയാക്കിയെന്ന് കരുതപ്പെടുന്ന കൂറ്റൻ ഉൽകാ പതനത്തെ തുടർന്ന് ഉയർന്ന പൊടിപടലങ്ങള്‍ ഭൂമിയിലേക്കുള്ള സൂര്യപ്രകാശത്തെ തടഞ്ഞിരുന്നുവെന്നും കരുതപ്പെടുന്നു.
സ്ട്രാറ്റോസ്ഫെറിക് കണ്ട്രോൾഡ് പെർടർബേഷൻ എക്സ്പെരിമെന്റ് (SCoPEx)
സ്ട്രാറ്റോസ്ഫെറിക് കണ്ട്രോൾഡ് പെർടർബേഷൻ എക്സ്പെരിമെന്റ് (SCoPEx) എന്നാണ് ഹാർവാഡ് സർവകലാശാലയിലെ ഗവേഷകർ നടത്തുന്ന പരീക്ഷണത്തിന്റെ പേര്. പരീക്ഷണാർത്ഥം അന്തരീക്ഷത്തിൽ ഏതാണ്ട് 20 കിലോമീറ്റർ ഉയരത്തിൽ ബലൂൺ ഉപയോഗിച്ച് സൂഷ്മാണുകണങ്ങളെ എത്തിക്കും. 100 ഗ്രാം മുതൽ രണ്ട് കിലോഗ്രാം വരെ ഭാരത്തിലുള്ള സൂഷ്മാണുകണങ്ങൾ ഇവിടെ നിന്നും അന്തരീക്ഷത്തിലേക്ക് വിടും. പരമാവധി ഒരു കിലോമീറ്റർ നീളത്തിലും നൂറ് മീറ്റർ വീതിയിലുമായിട്ടായിരിക്കും ഇതു പരക്കുക. തുടർന്ന് ഈ എയറോസോൾ മേഘത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും വിവരശേഖരണം നടത്തുകയും ചെയ്യും.
ചൂടിലമർന്ന്
അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്തി തുടങ്ങിയശേഷമുള്ള ഏറ്റവും ചൂടേറിയ അഞ്ച് വർഷങ്ങളായിരുന്നു 2015 മുതൽ 2019 വരെയുള്ള കാലഘട്ടം. ആഗോളതാപനത്തെ നേരിടാനുള്ള മാർഗങ്ങൾ എത്രയും വേഗം സ്വീകരിക്കേണ്ടതുണ്ടെന്ന് ശാസ്ത്രലോകം പലപ്പോഴായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭൂമിയിലേക്കുള്ള സൂര്യപ്രകാശം കുറയ്ക്കുക എന്നതാണ് ഇതിനു ഏറ്റവും മികച്ച മാർഗം.