
ശ്രീനഗർ: രാജ്യസുരക്ഷയെ ബാധിക്കുമെന്ന് കാട്ടി ജമ്മുകാശ്‌മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പാസ്‌പോർട്ട് അപേക്ഷ തള്ളി. ട്വീറ്റിലൂടെ മുഫ്തി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
'രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന സി.ഐ.ഡി റിപ്പോർട്ട് മുൻനിറുത്തിയാണ് പാസ്‌പോർട്ട് ഓഫീസ് എന്റെ അപേക്ഷ തള്ളിയത്. ഒരു മുൻ മുഖ്യമന്ത്രി പാസ്‌പോർട്ട് സ്വന്തമാക്കുന്നത് രാജ്യത്തിന് ഭീഷണിയാണത്രേ. ഇതാണ് ആഗസ്റ്റ് 2019 മുതൽ കാശ്‌മീരിൽ നിലനിൽക്കുന്ന സാഹചര്യമെന്നും' മുഫ്തി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ഡിസംബറിലാണ് മുഫ്തി പാസ്‌പോർട്ടിനായി അപേക്ഷിച്ചത്. ഇത് വെരിഫിക്കേഷനായി പൊലീസിന് അയച്ചു. എന്നാൽ, മുഫ്തിക്ക് പാസ്‌പോർട്ട് അനുവദിക്കേണ്ടെന്നായിരുന്നു പൊലീസിന്റെ റിപ്പോർട്ട്.
2019 ആഗസ്റ്റിൽ ജമ്മുകാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഒരു വർഷത്തിലേറെ മുഫ്തി തടങ്കലിലായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇവരെ മോചിപ്പിച്ചത്. നിലവിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് മുഫ്തിക്കെതിരെ കേസെടുത്തിരിക്കുകയാണ്.