
കൊച്ചി: കൊവിഡ് കാലത്ത് ആഗോളതലത്തിൽ സാമ്പത്തികഞെരുക്കം രൂക്ഷമായെങ്കിലും ഓഹരി വിപണികളിലേക്ക് ഒഴുകിയത് റെക്കാഡ് നിക്ഷേപം. പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക്ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ച് 23 മുതൽ ഈമാസം മൂന്നുവരെയുള്ള കണക്കുപ്രകാരം മാത്രം ബോംബെ ഓഹരി സൂചികയുടെ നിക്ഷേപക മൂല്യത്തിലുണ്ടായ കുതിപ്പ് 108.35 ലക്ഷം കോടി രൂപയാണ്. 101.86 ലക്ഷം കോടി രൂപയായിരുന്ന മൂല്യം കൊവിഡ് കാലത്ത് കുതിച്ചുകയറിയത് 210.22 ലക്ഷം കോടി രൂപയിലേക്ക്.
കഴിഞ്ഞവർഷം മാർച്ച് 23ന് സെൻസെക്‌സ് വ്യാപാരം പൂർത്തിയാക്കിയത് 4,000 ഓളം പോയിന്റിന്റെ സർവകാല റെക്കാഡ് ഇടിവുമായി 25,981ലാണ്. പിന്നീട് കുതിപ്പിന്റെ ട്രാക്കിലേറിയ സെൻസെക്‌സ്, ഈവർഷം ഫെബ്രുവരി 15ന് പിന്നിട്ടത് 52,000 പോയിന്റ് എന്ന നാഴികക്കല്ല്. ഫെബ്രുവരി 16ന് കുറിച്ച 52,516 പോയിന്റാണ് എക്കാലത്തെയും ഉയരം. നടപ്പു സാമ്പത്തിക വർഷം ഇതുവരെ മാത്രം സെൻസെക്‌സ് 19,540 പോയിന്റ് (66.30 ശതമാനം) മുന്നേറി.
ഫെബ്രുവരി മൂന്നിനാണ് സെൻസെക്‌സ് ആദ്യമായി 50,000 കടന്നത്; ഫെബ്രുവരി എട്ടിന് 51,000 പോയിന്റും. കേന്ദ്രസർക്കാരിന്റെ 20 ലക്ഷം കോടി രൂപയ്ക്കുമേൽ മതിക്കുന്ന ആത്മനിർഭർ ഭാരത് ഉത്തേജക പാക്കേജ്, അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവയുടെ ഉത്തേജക പദ്ധതികളുടെ പിൻബലത്തിൽ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലേക്ക് കുതിച്ചൊഴുകിയ വിദേശ പോർട്ട്ഫോളിയോ നിക്ഷേപം (എഫ്.പി.ഐ), വാക്‌സിൻ വിതരണം, സ്വകാര്യവത്കരണത്തിന് ഉൾപ്പെടെ ഊന്നൽ നൽകിയ കേന്ദ്ര ബഡ്‌ജറ്റ് തുടങ്ങിയ അനുകൂലഘടകങ്ങളാണ് ഓഹരികളുടെ കുതിപ്പിന് വഴിയൊരുക്കിയത്.
വെല്ലുവിളിച്ച് ബോണ്ട്
ആഗോളതലത്തിൽ ഓഹരി വിപണികളുടെ കുതിപ്പിന് കഴിഞ്ഞയാഴ്‌ചകളിൽ തടയിട്ടത് കടപ്പത്രങ്ങളുടെ (ബോണ്ട്) റിട്ടേണിലെ (യീൽഡ്) വർദ്ധനയാണ്. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് 2023 വരെ അടിസ്ഥാന പലിശനിരക്ക് പൂജ്യം ശതമാനത്തിനടുത്ത് തന്നെ നിലനിറുത്തുമെന്ന് പ്രഖ്യാപിച്ചതോടെ, സർക്കാരിന്റെ 10-വർഷ ബോണ്ട് യീൽഡ് രണ്ടു ശതമാനത്തിനുമേലേക്ക് കുതിച്ചുയർന്നു. ഒരുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഇതോടെ, നിക്ഷേപകർ ഓഹരികളെ കൈവിട്ട് ബോണ്ടുകളിലേക്ക് ചേക്കേറിയത് ഓഹരി വിപണികളെ താഴേക്ക് നയിച്ചു. 52,000 പോയിന്റ് കടന്ന സെൻസെക്‌സ് കഴിഞ്ഞവാരാന്ത്യമുള്ളത് 49,008 പോയിന്റിലാണ്.
തിളക്കത്തോടെ രൂപ
കൊവിഡ്കാലത്ത് രൂപയും കാഴ്‌ചവച്ചത് മികച്ച പ്രകടനം. സമ്പദ്‌വർഷത്തിന്റെ തുടക്കത്തിൽ ഡോളറിനെതിരെ 76.90 വരെ രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു. പിന്നീട് ഓഹരികളിലേക്ക് വിദേശ നിക്ഷേപം ഒഴുകിയതോടെ മൂല്യം ശരാശരി 73.50-74 നിലവാരത്തിൽ തുടർന്നു. ഈവർഷം ഇതുവരെ ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം നാലു ശതമാനമാണ്. നടപ്പുവർഷം ഇതുവരെ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപമായി (എഫ്.ഡി.ഐ) എത്തിയത് 6,754 കോടി ഡോളറാണ്. സർവകാല റെക്കാഡാണിത്.