
മോസ്‌കോ: കൊവിഡ് വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ പാർശ്വഫലങ്ങൾ അനുഭവപ്പെട്ടെന്ന് വെളിപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ഒരു ടിവി അഭിമുഖം ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഇന്റർഫോക്‌സ് ആണ് വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് പുടിൻ വാക്‌സിൻ സ്വീകരിച്ചത്. വാക്‌സിൻ സ്വീകരിച്ചതിന്റെ പിറ്റേ ദിവസം ഉറക്കമുണർന്നതോടെ അസ്വസ്ഥത രൂക്ഷമായിരുന്നു. പേശികളിൽ നേരിയ വേദന അനുഭവപ്പെട്ടു. എന്നാൽ ശരീരത്തിന്റെ താപനില സാധാരണമായിരുന്നു. കുത്തിവച്ച സ്ഥലത്ത് എനിക്ക് അസ്വസ്ഥതയുണ്ട് - പുടിൻ പറഞ്ഞു.
അതേസമയം, താൻ സ്വീകരിച്ച വാക്‌സിൻ ഏതാണെന്ന് പുടിൻ വെളിപ്പെടുത്തിയിട്ടില്ല.
വാക്‌സിൻ ഏതാണെന്ന് ഡോക്‌ടർക്ക് മാത്രമേ അറിയൂ എന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് വാക്‌സിനുകൾ ലഭ്യമാണെന്നും സ്‌പുട്‌നിക് വാക്‌സിൻ മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേനൽക്കാലത്തിന്റെ അവസാനത്തോടെ കൊവിഡ് കേസുകളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പൂർണമായി നീക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പുടിൻ പറഞ്ഞു.കഴിഞ്ഞ ഡിസംബർ മുതലാണ് റഷ്യയിൽ വാക്സിൻ വിതരണം ആരംഭിച്ചത്.