
യങ്കൂൺ: ജനാധിപത്യലബ്ധിയ്ക്കായി പ്രതിഷേധം നടത്തുന്നവരെ അതിക്രൂരമായി കൊലപ്പെടുത്തുന്ന മ്യാൻമർ സൈന്യത്തിന്റെ നടപടിയെ അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മ്യാൻമർ സേനയുടെ പ്രവൃത്തി അങ്ങേയറ്റം നിഷ്ഠൂരമാണെന്നും നിരപരാധികളെയാണ് സൈന്യം കൊന്നൊടുക്കിയതെന്നും ബൈഡൻ പറഞ്ഞു. കഴിഞ്ഞ ദിവസം ആറ് കുട്ടികളടക്കം 114 പേരെ സൈന്യം കൊലപ്പെടുത്തിയതോടെയാണ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ബൈഡൻ രംഗത്തെത്തിയത്.
അതേസമയം, മ്യാൻമർ സൈന്യത്തിന്റെ പ്രവൃത്തിയെ അപലപിച്ച് ജപ്പാൻ, ദക്ഷിണകൊറിയ, ബ്രിട്ടൻ, അമേരിക്ക, ആസ്‌ട്രേലിയ, കാനഡ, ഡെൻമാർക്ക്, ജർമനി, ഗ്രീസ്, ഇറ്റലി, നെതർലൻഡ്‌സ്, ന്യൂസിലൻഡ് എന്നീ 12 രാജ്യങ്ങളിലെ പ്രതിരോധമന്ത്രിമാർ സംയുക്ത പ്രസ്താവനയിറക്കി. അക്രമം അവസാനിപ്പിച്ച് സ്വന്തം പ്രവൃത്തികൾ കാരണം നഷ്ടപ്പെട്ട മാന്യതയും വിശ്വാസ്യതയും തിരിച്ചെടുക്കാൻ പട്ടാളം ശ്രമിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. മ്യാൻമറുമായി അടുത്ത ബന്ധമുള്ള രാജ്യങ്ങളാണ് ജപ്പാനും ദക്ഷിണകൊറിയയും.
അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങൾ മ്യാൻമറിനുമേൽ ഉപരോധമേർപ്പെടുത്തിയിരുന്നു. അക്രമത്തിൽ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഞെട്ടൽ രേഖപ്പെടുത്തി. അടിയന്തര അന്താരാഷ്ട്ര ഉച്ചകോടി ചേരണമെന്ന് മ്യാൻമറിനായുള്ള പ്രത്യേക ഐക്യാരാഷ്ട്ര സഭ ദൂതൻ ടോം ആൻഡ്രൂസ് ആവശ്യപ്പെട്ടു. എന്നാൽ, യു.എൻ രക്ഷാസമിതിവഴി മ്യാൻമറിനെതിരേ നടപടിയെടുക്കുക പ്രയാസമാണെന്നാണ് വിലയിരുത്തൽ. വീറ്റോ അധികാരമുള്ള രക്ഷാസമതി സ്ഥിരാംഗങ്ങളായ ചൈനയും റഷ്യയും പട്ടാളഭരണകൂടത്തെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്.
കൂട്ടക്കൊലയ്ക്ക് ശേഷം പാർട്ടി
അതേസമയം, മ്യാൻമറിൽ സ്ഥിതിഗതികൾ അതിരൂക്ഷമാകുന്നതിനിടെ പട്ടാള ഭരണാധികാരി ജനറൽ മിൻ ആങ് ലേയിങ്ങും ജനറൽമാരും അത്യാഡംബര പാർട്ടി നടത്തി 76-ാം സായുധസേനാദിനം ആഘോഷിച്ചു.
മ്യാൻമറിൽ നടന്നത്...
തിരഞ്ഞെടുപ്പിൽ വിജയിച്ച എൻ.എൽ.ഡി. സർക്കാർ വീണ്ടും അധികാരമേൽക്കാനിരുന്ന ഫെബ്രുവരി ഒന്നിനാണ് പട്ടാളം അട്ടിമറി നടത്തി ആംഗ് സാൻ സൂ ചിയും പ്രസിഡന്റ് വിൻ മിന്റുമുൾപ്പെടെയുള്ള നേതാക്കളെ തടവിലാക്കിയത്. 1962 മുതൽ 2011 വരെ പട്ടാളഭരണത്തിലായിരുന്ന മ്യാൻമർ. സ്യൂചിക്കും മിന്റിനുമെതിരേ വിവിധ ക്രിമിനൽക്കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. അട്ടിമറിക്കുശേഷം ഇതുവരെ മൂവായിരത്തിലേറെപ്പേരെ സൈന്യം തടവിലാക്കി.