beverly-cleary

വാഷിംഗ്ടൺ: ലോകപ്രശസ്ത അമേരിക്കൻ സാഹിത്യകാരി ബെവർലി ക്ലറി (104)​ അന്തരിച്ചു. റമോന ഖ്വിംബി, ഹെൻറി ഹഗ്ഗിൻസ് എന്നീ കഥാപാത്രങ്ങളിലൂടെയാണ് ക്ലറി കുട്ടികളുടെ മനസിൽ സ്ഥാനം നേടിയത്. ഈ കഥാപാത്രങ്ങളിലൂടെ കുട്ടികളുടെ സാധാരണ ജീവിതവും വൈകാരികതയും ക്ലറി തുറന്നുകാട്ടി. ക്ലറിയുടെ നാൽപതോളം കൃതികളിൽ റമോനയും ഹെൻറിയുമായിരുന്നു പ്രധാനകഥാപാത്രങ്ങൾ. അതിമാനുഷ കഥാപാത്രങ്ങൾക്ക് പകരം,​ കുട്ടികളുടെ പച്ചയായ ജീവിതമായിരുന്നു ക്ലറി ചിത്രീകരിച്ചിരുന്നത്. 1950 മുതൽ 1999 വരെ ബാലസാഹിത്യരംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു ക്ലറി. ദ മൗസ് ആൻഡ് ദ മോട്ടോർ സൈക്കിൾ,​ ഡിയർ ഡോക്ടർ ഹെൻഷോ എന്നിവയും ക്ലെറിയുടെ ശ്രദ്ധേയ രചകളാണ്. നാഷമൽ ബുക്ക് അവാർഡ് ഉൾപ്പെടെ അനവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പരേതനായ ക്ലാറൻസ് ക്ലറിയാണ് ഭർത്താവ്. ഇരട്ടകളായ മാൽക്കവും മറീനും മക്കളാണ്.