
ഡോ. ജി. പ്രഭ രചനയും സംവിധാനവും നിർവഹിക്കുന്ന സംസ്കൃത ചിത്രം'തയാ" പൂർത്തിയായി
കുന്നംകുളത്തിനടുത്തു പന്നിത്തടം മനപ്പടിയിലെ കോടനാട് മന. ഡോ. ജി. പ്രഭ രചനയും സംവിധാനവും നിർവഹിക്കുന്ന സംസ്കൃത ചിത്രം 'തയാ"യുടെ പ്രധാന ലൊക്കേഷൻ. ജയരാജ് സംവിധാനം ചെയ്ത 'കുടുംബസമേതം" കോടനാട് മനയിലാണ് ചിത്രീകരിച്ചത്. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം കോടനാട് മന വീണ്ടും വെള്ളിത്തിരയിലേക്ക്. നെടുമുടി വേണു, അനുമോൾ, ബാബു നമ്പൂതിരി, കഥകളി നടൻ സുനിൽ പള്ളിപ്പുറം എന്നിവരുണ്ട് ലൊക്കേഷനിൽ. ''ഇല്ലങ്ങളുടെ അകത്തളങ്ങളിൽ അറിഞ്ഞോ അറിയാതെയോ ഹോമിക്കപ്പെടുന്ന നമ്പൂതിരി സ്ത്രീകളുടെ ജീവിതം പുറംലോകം അറിഞ്ഞതേയില്ല. സാവിത്രിയുടെ സ്വതന്ത്രവും വ്യത്യസ്തവുമായ മറ്റൊരു കാഴ്ചപ്പാടാണ് തയായിലൂടെ ദൃശ്യവത്കരിക്കുന്നത്."" സംവിധായകൻ ഡോ. ജി. പ്രഭ പറഞ്ഞു. അനുമോളാണ് സാവിത്രിയെ അവതരിപ്പിക്കുന്നത്. ''അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും സാവിത്രി. ആദ്യമായാണ് സംസ്കൃത സിനിമയിൽ അഭിനയിക്കുന്നത്."" അനുമോൾ പറഞ്ഞു. 'തയാ" എന്നാൽ അവളാൽ . അവൾ സാവിത്രി എന്ന താത്രിയും.നെടുമുടി വേണുവും അനുമോളും രേവതി സുബ്രഹ്മണ്യനും ചേർന്നുള്ള കോമ്പിനേഷൻ സീനാണ് ഇനി ചിത്രീകരിക്കുക.പണ്ഡിതനും മിഴാവ് വാദകനുമായ ഈശ്വരൻ നമ്പൂതിരി എന്ന കഥാപാത്രത്തെയാണ് നെടുമുടി വേണു അവതരിപ്പിക്കുന്നത്.അകാലത്തിൽ വിട പറഞ്ഞ പ്രശസ്ത നങ്ങ്യാർകൂത്ത് കൂടിയാട്ടം കലാകാരി മാർഗി സതിയുടെ മകളാണ് രേവതി സുബ്രഹ്മണ്യൻ. കൂടിയാട്ടം കലാകാരിയായ രേവതി ആര്യ എന്ന വിധവയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. മൂവരും ചേർന്നുള്ള കോമ്പിനേഷൻ സീനിന് ഡോ. ജി പ്രഭ നിർദേശം നൽകി. സണ്ണി ജോസഫാണ് ഛായാഗ്രാഹകൻ.

''താത്രിയുടെ ജീവിതചരിത്രമല്ല. പുതിയ വ്യാഖ്യാനമാണ് തയാ.ചരിത്രം മാറ്റിമറിക്കുന്നില്ല. സ്ത്രീ നവോത്ഥാനത്തിനു കേരളത്തിലെ മുന്നാക്ക സമുദായങ്ങളിൽ മുഖ്യപങ്കാണ് താത്രി വഹിച്ചത്. "" സംവിധായകൻ ഡോ. ജി പ്രഭ പറഞ്ഞു. ഇഷ്ടി ആണ് ഡോ. ജി പ്രഭ സംവിധാനം ചെയ്ത ആദ്യ സിനിമ.ഇഷ്ടിയും സംസ്കൃത ഭാഷയിലാണ് ഒരുക്കിയത്.നെടുമുടി വേണവും ആതിര പട്ടേലുമാണ് ഇഷ്ടിയിലെ പ്രധാന താരങ്ങൾ.തൃപ്പൂണിത്തുറ സംസ്കൃത കോളേജ്, ചെന്നൈ ലയോള കോളേജ് എന്നിവിടങ്ങളിൽ സംസ്കൃത അദ്ധ്യാപകനായിരുന്നു ഡോ. ജി. പ്രഭ.വടക്കുംപ്പാട്ട് മന, കോതമംഗലം മന, ബ്രഹ്മസ്ഥമഠം എന്നിവിടങ്ങളിലും തയാ ചിത്രീകരിച്ചു.നെല്ലിയോട് വാസുദേവൻ നമ്പൂതിരി, ദിനേശ് പണിക്കർ, നന്ദകിഷോർ, കൃഷ്ണൻ വടശേരി, സുഭാഷ് സുമതി ഭാസ്കരൻ, ഉത്തര, രേവതി സുബ്രഹ്മണ്യൻ, ആനിജോയൻ, മീനാക്ഷി അനീഷ്, ശ്രീല നല്ലടം, രമ നാരായണൻ, മോഹിനി വിനയൻ, തങ്കമണി, സോയ എന്നിവരാണ് മറ്റു താരങ്ങൾ. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന തയായുടെ ശബ്ദലേഖനം കൃഷ്ണനുണ്ണി നിർവഹിക്കുന്നു. എഡിറ്റർ ബി. ലെനിൻ, സംഗീതം : ബിജു പൗലോസ്, കല : ബോബൻ, മേക്കപ്പ്: പട്ടണം റഷീദ്, മേക്കപ്പ്: ഇന്ദ്രൻസ് ജയൻ.