pinarayi-modi

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സാഹിത്യനിരൂപകനും രാഷ്ട്രീയ-സാംസ്‌കാരിക നിരീക്ഷകനുമായ ഡോ. ആസാദ്. രാജ്യം കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് വില്‍ക്കുന്നതാണ് വികസനമെങ്കില്‍ പിണറായി വിജയനും നരേന്ദ്ര മോദിയും വികസനനായകര്‍ തന്നെ. തൊഴിലവസരങ്ങള്‍ കൂട്ടിയും വരുമാനം ഉറപ്പു വരുത്തിയും സ്വാശ്രയരാവാന്‍, ഒരു ജനതയെ പര്യാപ്തമാക്കേണ്ടതിനു പകരം എക്കാലത്തും ദാനം കാത്തു കഴിയുന്ന അടിയാളരാക്കലാണ് വികസനമെങ്കില്‍ ഇരുവരും വികസന നായകരാണ്. എന്നാല്‍ സമത്വദര്‍ശികള്‍ അതു വികസനമായി കാണുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

വികസനം സ്വേച്ഛാധികാര ശക്തികളുടെ വികസനാഭാസ ലീലകളല്ല. അവയെ പ്രതിരോധിച്ചേ ജനകീയ വികസനത്തിന്റെ നേര്‍വഴിയില്‍ എത്താനാവൂ. തെറ്റുകള്‍ തടയുക എന്നതാണ് ഈ ഘട്ടത്തിലെ ഉത്തരവാദിത്തം. ശരിക്കു വേണ്ടിയുള്ള പോരാട്ടം ഒരു തിരഞ്ഞെടുപ്പില്‍ തുടങ്ങുന്നതോ തീരുന്നതോ ആയ പ്രക്രിയയല്ല. അതിലേക്കുള്ള ഒരു ചുവടുവെപ്പില്‍ ഐക്യപ്പെടാനുള്ള അവസരം മാത്രമാണിത്. തുടരേണ്ട പോരാട്ടത്തിന് തടയേണ്ടവരെ ആദ്യം തടയണമെന്നും ആസാദ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ആസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

രാജ്യം കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് വില്‍ക്കുന്നതാണ് വികസനമെങ്കില്‍ പിണറായി വിജയനും നരേന്ദ്ര മോദിയും വികസനനായകര്‍ തന്നെ!

വരുംതലമുറകളുടെ ജീവിതം പണയം വെച്ച കോടികള്‍കൊണ്ട് ധാരാളിത്തം കാട്ടുന്നതാണ് വികസനമെങ്കില്‍ അവര്‍ വികസന നായകര്‍തന്നെ! പേരമക്കള്‍ക്ക് അവരുടെ അദ്ധ്വാനവും വിയര്‍പ്പും കടംവീട്ടാന്‍മാത്രം ചെലവഴിക്കേണ്ടി വരുന്ന അടിമജീവിതം നല്‍കുന്നതാണ് വികസനമെങ്കില്‍ വിജയനും മോദിയും വികസന നായകര്‍തന്നെ!

ജനങ്ങള്‍ക്കാകെ അവകാശപ്പെട്ട ഭൂമിയും പൊതുവിഭവങ്ങളും സമ്പത്താകെയും ഒരു പിടി പ്രമാണിമാര്‍ക്ക് കൊള്ളയടിച്ചു വീര്‍ക്കാന്‍ അവസരം നല്‍കുന്നതാണ് വികസനമെങ്കില്‍ അവര്‍ വികസന നായകര്‍തന്നെ!

നിയമങ്ങളെല്ലാം - ഭൂനിയമമോ പോക്സോ നിയമമോ നീര്‍ത്തട നിയമമോ വനാവകാശ നിയമമോ മിനിമം വേതന നിയമമോ ഭൂമിയേറ്റെടുക്കല്‍ പുനരധിവാസ നിയമമോ വഴിയോര കച്ചവട നിയമമോ ഏതുമാകട്ടെ - ലംഘിച്ചു കൈയേറ്റവും കൊള്ളയും നടത്തുന്നവരെ സംരക്ഷിക്കുന്നതാണ് വികസനമെങ്കില്‍ വിജയനും മോദിയും വികസന നായകര്‍ തന്നെ!

പ്രളയവും പ്രകൃതിക്ഷോഭവും മൂലം മണ്ണിലും പരിസ്ഥിതിയിലും എന്തു മാറ്റമുണ്ടായി എന്ന് ശാസ്ത്രീയമായി പഠിക്കാനും അതതു വകുപ്പുകളില്‍ പരിഹാരം കാണാനും ശ്രമിക്കാതെ അത് സാമ്പത്തിക സമാഹരണത്തിനും വിതരണത്തിനും മാത്രം ഉപാധിയാക്കുന്ന ഭരണരീതിയാണ് വികസനമെങ്കില്‍ വിജയനും മോദിയും വികസന നായകരാണ്.

അറിവും വിവേകവും സാമൂഹിക ബോധവുമുള്ള യുവാക്കളെയെല്ലാം അര്‍ബന്‍ നക്സലുകളെന്നോ തീവ്രവാദികളെന്നോ ആരോപിച്ച് യു എ പി എ ചുമത്തി തടവിലെറിയുന്നതാണ് വികസനമെങ്കില്‍ വിജയനും മോദിയും വികസന നായകരാണ്. വ്യാജ ഏറ്റുമുട്ടല്‍ കൊലകളും കസ്റ്റഡി കൊലകളും നടത്തി സമാധാനം ഉറപ്പാക്കുന്ന വിദ്യയാണ് വികസനമെങ്കില്‍ വിജയനും മോദിയും വികസന നായകര്‍ തന്നെ!

തൊഴിലവസരങ്ങള്‍ കൂട്ടിയും വരുമാനം ഉറപ്പു വരുത്തിയും സ്വാശ്രയരാവാന്‍,ഒരു ജനതയെ പര്യാപ്തമാക്കേണ്ടതിനു പകരം എക്കാലത്തും ദാനം കാത്തു കഴിയുന്ന അടിയാളരാക്കലാണ് വികസനമെങ്കില്‍ വിജയനും മോദിയും വികസന നായകരാണ്.

എന്നാല്‍ സമത്വദര്‍ശികള്‍ അതു വികസനമായി കാണുന്നില്ല. പുരോഗമന രാഷ്ട്രീയവും ജനാധിപത്യ രാഷ്ട്രീയവും അത് വികസനമാണ് എന്നു സമ്മതിക്കില്ല. വികസനം സ്വേച്ഛാധികാര ശക്തികളുടെ വികസനാഭാസ ലീലകളല്ല. അവയെ പ്രതിരോധിച്ചേ ജനകീയ വികസനത്തിന്റെ നേര്‍വഴിയില്‍ എത്താനാവൂ. തെറ്റുകള്‍ തടയുക എന്നതാണ് ഈ ഘട്ടത്തിലെ ഉത്തരവാദിത്തം.

ശരിക്കു വേണ്ടിയുള്ള പോരാട്ടം ഒരു തെരഞ്ഞെടുപ്പില്‍ തുടങ്ങുന്നതോ തീരുന്നതോ ആയ പ്രക്രിയയല്ല. അതിലേക്കുള്ള ഒരു ചുവടുവെപ്പില്‍ ഐക്യപ്പെടാനുള്ള അവസരം മാത്രമാണിത്. തുടരേണ്ട പോരാട്ടത്തിന് തടയേണ്ടവരെ ആദ്യം തടയണം.

ആസാദ്

29 മാര്‍ച്ച് 2021