
കോഴിക്കോടൻ ഭാഷയിൽ ചിരി വിതറുന്ന നിർമൽ പാലാഴി ജീവിതം പറയുന്നു
കോഴിക്കോട് പാലാഴി 'പ്രസീദ് " തിയേറ്ററിൽ ഉദ്ഘാടന ദിവസം തന്നെ അച്ഛനെ കൂട്ടി ഈ മകൻ 'കാർണിവൽ" സിനിമ കണ്ടു. മകൻ ജീവിതത്തിൽ ആദ്യമായി കാണുന്ന സിനിമയാണ്. 'ആശാനേ... എന്നു സിദ്ദിഖ് വിളിക്കുമ്പോൾ മമ്മൂട്ടി ഓടിവന്നു വില്ലൻമാരെ അടിച്ചൊതുക്കി. അപ്പോൾ തിയേറ്ററിൽ ആർപ്പുവിളി. മമ്മൂട്ടി മരണക്കിണറിൽ ബൈക്ക് ഓടിക്കുമ്പോൾ അറിയാവുന്ന ദൈവങ്ങളെ വിളിച്ചു ഈ കഥയിലെ പയ്യൻ പ്രാർത്ഥിച്ചു. ഉള്ളിൽ ഒരു മിമിക്രിക്കാരൻ തലപൊക്കി തുടങ്ങിയപ്പോൾ ആദ്യം അനുകരിച്ചത് മമ്മൂട്ടിയെ തന്നെ. കോഴിക്കോട് ചിത്രീകരിച്ച മമ്മൂട്ടി സിനിമയുടെ എല്ലാം ലൊക്കേഷനിലും പോയി ആൾക്കൂട്ടത്തിൽനിന്ന് കണ്ടു. ഇപ്പോൾ ഈ പാലാഴിക്കാരനെ മമ്മൂട്ടിക്ക് പേര് പറഞ്ഞാൽ അറിയാവുന്ന സ് നേഹബന്ധം.
'ഇങ്ങള് ഇത് എന്ത് തള്ളാണ് ബാബ്വേട്ടാ" കോഴിക്കോടൻ ഭാഷയിൽ നിർമ്മൽ പാലാഴി ഈ ഡയലോഗ് പറയുമ്പോൾ ചിരിയുടെ അമിട്ട് പൊട്ടും. കുതിരവട്ടം പപ്പുവും, മാമുക്കോയയും തുറന്നിട്ട വഴിയിലൂടെയാണ് നിർമൽ പാലാഴി എത്തുന്നത്. ഈവർഷം വെള്ളം, വർത്തമാനം, െഎസ് ഒരതി എന്നീ ചിത്രങ്ങളാണ് പ്രദർശനത്തിന് എത്തിയത്. സിനിമയിൽ ഇപ്പോൾ നിർമൽ പാലാഴിയുടെ നല്ല സമയം.
കോഴിക്കോടൻ സംസാരശൈലയിൽനിന്നു തുടങ്ങി വെള്ളത്തിൽ കണ്ണൂർ, വർത്തമാനത്തിൽ മലപ്പുറം ഭാഷ ?
സ്കിറ്റ് ചെയ്യുമ്പോൾ മുതൽ കോഴിക്കോട് ഭാഷയാണ്.വേറെ സംഭവം വന്നാൽ ചെയ്യണമെന്നുണ്ടായിരുന്നു. മാറ്റിപ്പിടിക്കണമെന്ന് പലരും പറഞ്ഞു. കണ്ണൂരും മലപ്പുറവും പിടിക്കാൻ എളുപ്പമാണ്. കക്ഷി അമ്മിണിപ്പിള്ളയിൽ തലശേരി സംസാര ശൈലിയാണ്. ഐസ് ഒരതിയിൽ കോഴിക്കോട് ഭാഷ. കിങ്ഫിഷ് ആണ് ഇനി റിലീസ് ചെയ്യുന്നത്. കാളച്ചേകോൻ, ഭീമന്റെ വഴി എന്നിവയാണ് മറ്റു ചിത്രങ്ങൾ. അനിൽ രാധാകൃഷ്ണമേനോന്റെ പുതിയ സിനിമയിൽ അഭിനയിക്കുന്നുണ്ട്.
സിനിമയിൽ വന്നപ്പോഴും പേരിന്റെ കൂടെ നാട് ?
പേരിനൊപ്പം നാടു കൂടി വേണമെന്നത് ആഗ്രഹമായിരുന്നു. പ്രകാശ് പയ്യാനക്കൽ, വിജയൻ കാരന്തൂർ, വിനോദ് കോവൂർ എന്നൊക്കെ കേൾക്കുമ്പോൾ മുതൽ തുടങ്ങിയ ആഗ്രഹം. എന്റെ പേരിനൊപ്പം എന്നായിരിക്കും നാടിനെ കൂടി ചേർത്തു വിളിക്കുക എന്നു ആലോചിച്ചിട്ടുണ്ട്. എന്നാൽ ഞാൻ മുൻകൈയെടുത്ത് വിളിപ്പിച്ചില്ല.പരിപാടികൾ അവതരിപ്പിച്ചു തുടങ്ങിയപ്പോൾ പേര് ഇങ്ങനെ വന്നുചേർന്നു.സിനിമയിൽ വന്നപ്പോഴും നാട് കൂടെത്തന്നെയുണ്ട്.എന്നെ വളർത്തിയത് കോഴിക്കോട് ഭാഷയാണ്.

സിനിമയിലും മിനിസ്ക്രീനിലും കൈയടി നേടുന്ന ഹരീഷ് കണാരൻ - നിർമൽ പാലാഴി ജോഡികളുടെ വിജയരഹസ്യം എന്താണ് ?
ഇരുനൂറുറുപ്പികയ്ക്കും മുന്നൂറുറുപ്പികയ്ക്കും പരിപാടി ചെയ്യുന്ന കാലം മുതലേ ഉള്ള ടീമാണ് ഞങ്ങള്. പതിനഞ്ചുവർഷത്തിന് അപ്പുറമായി കാണാൻ തുടങ്ങിയിട്ട്. എന്തും അങ്ങോട്ട് പറയാനും തിരിച്ച് ഇങ്ങോട്ട് പറയാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഒരുമിച്ച് പരിപാടി അവതരിപ്പിച്ചതിന്റെ കൂട്ടായ്മയുണ്ട്. ഒന്നോ രണ്ടോ ജില്ലയ്ക്ക് അപ്പുറത്ത് ഉള്ള ആളുകളല്ല. രണ്ടു കിലോമീറ്റർ അപ്പുറവും ഇപ്പുറവുമുള്ളവർ.
മിമിക്രിക്കാരനായി നടക്കുമ്പോൾ നല്ല കാലം വരുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
സ്കൂളിൽ പഠിക്കുമ്പോൾ മുതൽ സിനിമാ നടനാവാനായിരുന്നു ആഗ്രഹം. വീട്ടിൽ അത്യാവശ്യം ദാരിദ്ര്യമുണ്ട്. പഠിത്തം കഴിഞ്ഞ് എന്തെങ്കിലും ജോലി ചെയ്ത് കുടുംബത്തിന് താങ്ങും തണലുമാവേണ്ട ആള് കോപ്രായം കാട്ടി നടക്കുന്നതിന്റെ പ്രശ്നം വീട്ടിൽ നിന്നുണ്ടായിരുന്നു. പരിപാടികൾ എരന്ന് വാങ്ങിയിട്ടുണ്ട്. കിനാലൂർ എസ്റ്റേറ്റിൽ രാത്രി പരിപാടി കഴിഞ്ഞു വരാൻ പൈസയില്ലാതെ ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങി രാവിലെ വന്ന ഒരു കാലമുണ്ടായിരുന്നു ഹരീഷിനും എനിക്കും. മിമിക്രി ഉപജീവനമാർഗമായി മാറുമെന്നും ജീവിക്കാൻ പറ്റുമെന്നും തള്ളിയ ആളുകള് അംഗീകരിക്കുമെന്നും ഒരിക്കലും വിചാരിച്ചില്ല. ഒൻപതാം ക്ളാസിൽ പഠിക്കുമ്പോൾ പതിനഞ്ച് രൂപയ്ക്ക് ഇഷ്ടിക കമ്പനിയിൽ പണിക്കു പോയിട്ടുണ്ട്.കെട്ടിട നിർമ്മാണപ്പണി, കൽപ്പണി, ആശാരിപ്പണി, സ്വർണപ്പണി.പല ജോലികൾ ചെയ്തു. ഇപ്പോൾ തടിയും വയറും കാണുമ്പോൾ ശബ്ദം ചെയ്ത് ആളുകളെ പറ്റിച്ചു ഉണ്ടാക്കിയതാണെന്ന് മറ്റുള്ളവർക്ക് തോന്നാം. കഷ്ടപ്പാട് നിറഞ്ഞ ജീവിതം കഴിഞ്ഞിട്ടാണ് ഞാനിവിടെ എത്തിയതെന്ന് എന്നെ അടുത്ത് പരിചയമുള്ളവർക്ക് അറിയാം. അതിനുശേഷം വന്നതാണ് വയറും തടിയുമൊക്കെ.വലിയ നിലയിൽ ഇപ്പോൾ എത്തിയെന്ന് പറയുന്നതല്ല.
ആദ്യം കണ്ട സിനിമയിലെ നായകനൊപ്പം അഭിനയിച്ചപ്പോൾ എന്ത് തോന്നി ?
സ്വാഭാവികമായി, ഏതൊരു ആളിനും അനുഭവപ്പെടുന്നതിന്റെ പതിന്മടങ്ങ് സന്തോഷം തോന്നി. 'പുത്തൻ പണ"ത്തിലാണ് മമ്മുക്കയോടൊപ്പം അഭിനയിച്ചത്. മമ്മുക്ക പറഞ്ഞാണ് പുത്തൻപണത്തിൽ അഭിനയിക്കാൻ വിളിക്കുന്നത്. 'ഞാൻ ഈ പടത്തിലുണ്ടെന്ന് മമ്മുക്കയോട് പറഞ്ഞു. 'നീ ഉണ്ടല്ലേ" എന്നു മമ്മുക്ക. ആദ്യമായി അറിയുന്ന ഭാവത്തിൽ മൂപ്പര്. കൊവിഡ് സമയത്ത് മമ്മുക്ക വിളിച്ചു.'ഇനി പഴയപോലെ വണ്ടിയെടുത്തു കറങ്ങി എവിടേലും പോയി വീഴേണ്ട." എന്നു ഉപദേശിച്ചു. എത്രയോ ദൂരെനിന്നു ഞാൻ നോക്കി കണ്ട ആള് നേരിട്ടു വിളിക്കുകയും പേര് വിളിച്ചു സംസാരിക്കുകയും ചെയ്യുന്നത് വലിയ ഭാഗ്യം തന്നെയാണ്. മമ്മുക്കയോടൊപ്പം സിനിമയിൽ അഭിനയിക്കാൻ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.

ഗൗരവമേറിയ കഥാപാത്രം ചെയ്യാൻ ആഗ്രഹമില്ലേ?
ഹ്യുമറിൽ മാത്രം ഒതുങ്ങാതെ നല്ല കഥാപാത്രങ്ങൾ ചെയ്യണം.ചെറിയ കാരക്ടർ വേഷങ്ങൾ ചെയ്യാൻ പറ്റിയിട്ടുണ്ട്. എടക്കാട് ബറ്റാലിയൻ 06,എന്റെ മെഴുതിരി അത്താഴങ്ങൾ എന്നീ സിനിമകളിൽ അത്തരം കഥാപാത്രമായിരുന്നു. 'ഭീമന്റെ വഴി"യിൽ ചാക്കോച്ചന്റെ സുഹൃത്തായ മണിലാൽ എന്ന കഥാപാത്രമാണ്. അതും കാരക്ടർ വേഷം . അവനി, ഡോ. കോവിഡ്, സെന്റ് എന്നീ ഹ്രസ്വ ചിത്രങ്ങളിൽ ഹ്യുമർ പിടിച്ചില്ല. സെന്റിന് ഒൻപത് ദേശീയ അവാർഡ് ലഭിച്ചു. ചിത്രീകരണം ആരംഭിക്കാൻ പോവുന്ന 'ലിഫ്ട്" എന്ന ഹ്രസ്വചിത്രത്തിലെ കഥാപാത്രം ഗൗരവക്കാരനാണ്.
കുടുംബ വിശേഷം?
ഭാര്യ അഞ്ജു. രണ്ടുവർഷത്തെ പ്രണയം. കാര്യമായ വരുമാനമില്ലാതെ മുൻപോട്ട് പോവുമ്പോൾ വിവാഹം കഴിച്ചുതരാൻ നിർവാഹമില്ലെന്ന് അഞ്ജുവിന്റെ വീട്ടുകാർ. വിളിച്ചിറക്കികൊണ്ടുവന്നു കല്യാണം കഴിച്ചു. ഇപ്പോൾ രണ്ടു വീട്ടുകാരും ഏറെ സന്തോഷത്തിൽ . കലയെ പ്രോത്സാഹിപ്പിക്കുന്ന ആളാണ് അഞ്ജു.മക്കൾ നിരഞ്ജ്, ദെവിക്. നിരഞ്ജ് ചേവായൂർ പ്രസന്റേഷൻ സ്കൂളിൽ രണ്ടാംക്ളാസിൽ.ദെവിക്കിന് മൂന്നരവയസ്.