
തിരുവനന്തപുരം : എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണങ്ങൾ തള്ളി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകി..ഇ.ഡിക്ക് രഹസ്യ അജൻഡയുണ്ടെന്നും ഇ.ഡിയുടെ കസ്റ്റഡിയിൽ ഇരുന്നപ്പോഴാണ് ശബ്ദം റെക്കോഡ് ചെയ്തതെന്ന് സ്വപ്ന സമ്മതിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയാണ് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകിയത്. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. നൽകിയ ഹർജിയിലാണ് സംസ്ഥാന സർക്കാകിന്റെ മറുപടി സത്യവാങ്‌മൂലം
..
പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് ഇ.ഡിക്കെതിരേ കേസെടുത്തത്. ഇ.ഡിയുടെ കസ്റ്റഡിയിലുള്ളപ്പോഴാണ് മുഖ്യമന്ത്രിക്കെതിരേ മൊഴി നൽകാൻ നിർബന്ധിച്ചെന്ന ശബ്‌ദരേഖ റെക്കോഡ് ചെയ്തതെന്ന് സ്വപ്ന സമ്മതിച്ചിട്ടുണ്ട്. സ്വന്തം കൈപ്പടയിലെഴുതിയ കത്തിലും സ്വപ്ന ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇ.ഡിയുടെ ഹർജിയിൽ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണ്. ഇ.ഡിയ്ക്ക് രഹസ്യ അജൻഡയുണ്ടെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു.
ഇ.ഡി. അഡീഷണൽ ഡെപ്യൂട്ടി ഡയറക്ടറായ പി. രാധാകൃഷ്ണൻ പ്രതികളുടെ മൊഴികൾ ദുരുപയോഗം ചെയ്‌തെന്നും ഉന്നതർക്കെതിരേ ഊഹാപോങ്ങൾ പുറത്തുവിടുക എന്ന ഉദ്ദേശ്യത്തോടെയാണ് ഹർജിക്കൊപ്പം മറ്റുരേഖകളും ഹാജരാക്കിയതെന്നും സത്യവാങ്മൂലത്തിൽ സർക്കാർ ആരോപിച്ചു.
ക്രൈംബ്രാഞ്ചിന്റെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. നൽകിയ ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ ഹരിൻ പി.ലാവലാകും ചൊവ്വാഴ്ച സർക്കാരിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരാവുക.