england-football

ഫ്രാൻസ്,ഇംഗ്ളണ്ട്,ജർമ്മനി,സ്‌പെയ്ൻ,ഇറ്റലി,ഡെന്മാർക്ക് ,സ്വീഡൻ തുടങ്ങിയ മുൻനിര ടീമുകൾക്ക് ജയം

ലണ്ടൻ: യൂറോപ്യൻ മേഖലാ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കരുത്തരായ ഫ്രാൻസ്,ഇംഗ്ലണ്ട്, സ്‌പെയ്ൻ, ജർമനി, ഇറ്റലി,ഡെന്മാർക്ക്,സ്വീഡൻ തുടങ്ങിയ മുൻനിര ടീമുകൾ വിജയം നേടി.

നിലവിലെ ലോകചാമ്പ്യനായ ഫ്രാൻസ് മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് കസാഖിസ്ഥാനെയാണ് കീഴടക്കിയത്. 19-ാം മിനിട്ടിൽ ഒസ്മാനെ ഡെംബെലെയാണ് ഫ്രാൻസിനായി ആദ്യ ഗോൾ നേടിയത്. 44-ാം മിനിട്ടിൽ മെയ്ലിയുടെ സെൽഫ് ഗോൾ ലോകചാമ്പ്യന്മാർക്ക് ലീഡുനൽകിയത്. ഇംഗ്ലണ്ട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അൽബേനിയയെയാണ് കീഴടക്കിയത്. നായകൻ ഹാരി കേൻ, മേസൺ മൗണ്ട് എന്നിവരാണ് ഇംഗ്ളണ്ടിനായി സ്‌കോർ ചെയ്തത്. ഈ വിജയത്തോടെ ഗ്രൂപ്പ് ഐ യിൽ രണ്ട് വിജയങ്ങളുമായി ഇംഗ്ലണ്ട് ഒന്നാമതെത്തി.

സ്‌പെയ്ൻ ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് ജോർജിയയെയാണ് കീഴടക്കിയത്. സമനിലയിൽ അവസാനിക്കുമെന്ന് കരുതിയ മത്സരത്തിൽ കളിയവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കേ ഡാനി ഒൽമോയാണ് വിജയഗോൾ നേടിയത്. ക്വിച്ചിതയിലൂടെ ജോർജിയയാണ് ആദ്യം മുന്നിലെത്തിയത്. ഫെറാൻ ടോറസിലൂടെ സ്‌പെയിൻ സമനില ഗോൾ നേടി.

ജർമനി എതിരില്ലാത്ത ഒരു ഗോളിന് റൊമാനിയയെ കീഴടക്കി. സെർജി നാബ്രിയാണ് വിജയഗോൾ നേടിയത്. ഇറ്റലി എതിരില്ലാത്ത രണ്ടുഗോളുകൾക്ക് ബൾഗേറിയയെ കീഴടക്കി. ഇറ്റലിയ്ക്കായി ആൻഡ്രിയ ബെലോട്ടി, മാനുവൽ ലോക്കാട്ടെലി എന്നിവരാണ് സ്കോർ ചെയ്തത്. ഡെന്മാർക്ക് മറുപടിയില്ലാത്ത എട്ടുഗോളുകൾക്ക് മോൾഡോവയെയാണ് തകർത്തുവിട്ടത്.