
വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കീഴിൽ കൊവിഡ് മഹാമാരിയ്ക്കെതിരെ നടത്തിയ പോരാട്ടം ദുർഘടം പിടിച്ചതായിരുന്നുവെന്ന് വെളിപ്പെടുത്തി ആറ് ആരോഗ്യ വിദഗ്ദ്ധർ. ഡോ. ഡിബ്രോ ബിർക്‌സ്, ഡോ.ആന്റണി ഫൗസി, ഡോ. ബ്രെട്ട് ഗിറിയോർ, ഡോ. സ്റ്റീഫൻ ഹാൻ, ഡോ. റോബർട്ട് കാഡ്‌ലെക്, ഡോ. റോബർട്ട് റെഡ്ഫീൽഡ് എന്നിവരാണ് അനുഭവങ്ങൾ തുറന്ന് പറഞ്ഞത്.
വൈറ്റ് ഹൗസ് ഡോക്ടർമാർക്ക് വലിയൊരു ദുരന്തം വരുന്നത് മുൻകൂട്ടി കാണാൻ കഴിഞ്ഞുവെന്നും എന്നാൽ ട്രംപുൾപ്പെടെയുള്ളവർ ഇതിനെ നിസാരവത്കരിക്കുകയായിരുന്നുവെന്നും ബിർക്‌സ് പറഞ്ഞു. പ്രസിഡന്റുമായി നേരിട്ട് ഇടപെടാൻ സാധിച്ചിരുന്നില്ലെന്നും വൈറ്റ് ഹൗസിൽ പോലും മാസ്‌ക് ധരിക്കുന്നത് ട്രംപ് പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. അശാസ്ത്രീയമായി നിരവധി വിവരങ്ങൾ ട്രംപ് മുന്നോട്ടുവച്ചെന്നും ഡോക്ടർമാർ പറഞ്ഞു. ട്രംപിന്റെ ഉപദേഷ്ടാവായ സ്‌കോട്ട് അറ്റ്‌ലസാണോ അദ്ദേഹത്തിന് തെറ്റായ നിർദ്ദേശങ്ങളും ഡാറ്റയും നൽകിയതെന്ന് സംശയമുണ്ട്. ഞങ്ങളും അറ്റ്‌ലസും തമ്മിൽ തർക്കങ്ങളുണ്ടായി. പല ഘട്ടങ്ങളിലും പ്രസിഡന്റ് ഭീഷണിപ്പെടുത്തുന്ന വിധത്തിൽ സംസാരിച്ചു - ഡോക്ടർമാർ പറഞ്ഞു.