gopu

തൃശൂർ: ശബരിമല ക്ഷേത്രത്തിന്റെ ബലിക്കല്ല് പുരയുടെ മുകൾഭാഗത്തെ അഷ്‌ടദിക്പാലകരുടെയും നമസ്‌കാര മണ്ഡപത്തിന്റെ മുകളിലുള്ള നവഗ്രഹങ്ങളുടെയും ദാരുശില്പ നിർമ്മാണം പൂർത്തിയായി. ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, പോപ്പുലർ അപ്പളം ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർമാരായ വിജയകുമാർ, പ്രദീപ് കുമാർ ചെന്നൈ, അത്താച്ചി ഗ്രൂപ്പ് ചെയർമാൻ അത്താച്ചി സുബ്രഹ്മണ്യൻ, അപ്പുണ്ണി ദുബായ് എന്നിവർ ചേർന്നാണ് ശില്പങ്ങൾ വഴിപാടായി സമർപ്പിക്കുന്നത്.

gopu

ഇന്നലെ ഗോപു നന്തിലത്തിന്റെ വസതിയിൽ നിന്ന് ശബരിമലയിലേക്ക് കൊണ്ടുപോയ ശില്പങ്ങൾ ഏപ്രിൽ 11ന് ക്ഷേത്രത്തിൽ സമർപ്പിക്കും. പൂർണമായും തേക്കിലാണ് ശില്പങ്ങളുടെ നിർമ്മിതി. പ്രശസ്‌ത ദാരുശില്പി എളവള്ളി നാരായണൻ ആചാരിയുടെ മകൻ എളവള്ളി നന്ദനാണ് ഗുരുവായൂരിനടുത്തെ എളവള്ളിയിലെ പണിപ്പുരയിൽ ശില്പങ്ങൾ നിർമ്മിച്ചത്. ശബരിമല ക്ഷേത്ര ശ്രീകോവിൽ-സ്വർണവാതിൽ നിർമ്മാണച്ചുമതലയും നന്ദനായിരുന്നു. പ്രമുഖ ക്ഷേത്രങ്ങളിലേക്കടക്കം ദാരുശില്പങ്ങൾ നിർമ്മിച്ചിട്ടുള്ള നന്ദന് 2012ൽ ദാരുശില്പകലകൾക്ക് കേന്ദ്രസർക്കാരിന്റെ സീനിയർ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

കേരള ലളിതകലാ അക്കാഡമി എക്‌സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ച നന്ദനെ 'പുതിയ തലമുറയുടെ പെരുന്തച്ചൻ" എന്നാണ് എം.ടി. വാസുദേവൻ നായർ ഒരിക്കൽ വിശേഷിപ്പിച്ചത്.