
തിരുവനന്തപുരം: ഗുരുവായൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജയിക്കണമെന്ന സുരേഷ് ഗോപിയുടെ അഭിപ്രായത്തെ തള്ളി ബി.ജെ.പി നേതൃത്വം. അദ്ദേഹത്തിന്റേത് വ്യക്തിപരമായ നിലപാടാണ്. ഗുരുവായൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജയിക്കണമെന്ന നിലപാട് ബി.ജെ.പിക്ക് ഇല്ലെന്നും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. അതേസമയം ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രനാണെന്നും അദ്ദേഹം പറയുന്നതിനാണ് ഇത്തരം കാര്യങ്ങളിൽ പ്രസക്തിയെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രതികരിച്ചു.
എൻ.ഡി.എയ്ക്ക് സ്ഥാനാർത്ഥിയില്ലാത്ത മണ്ഡലങ്ങളിൽ ആർക്ക് വോട്ട് ചെയ്യണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിന് ഗുരുവായൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.എ ഖാദർ ജയിക്കണമെന്ന് സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. ആദ്യം, നോട്ടയ്ക്ക് വോട്ട് ചെയ്യണമെന്നും അല്ലെങ്കിൽ സി.പി.എമ്മിനെ തോൽപ്പിക്കണമെന്നുമായിരുന്നു അദ്ദേഹം മറുപടി നൽകിയത്. ഗുരുവായൂരിൽ ഖാദർ ജയിക്കണമെന്നാണ് ആഗ്രഹമെന്നും തലശേരിയിൽ ഷംസീർ തോൽക്കണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.