
ഗോകുലം കേരള താരങ്ങൾ ഐ- ലീഗ് കിരീടവുമായി കോഴിക്കോട്ടെത്തി
കോഴിക്കോട് : ഐ-ലീഗ് ഫുട്ബാളിൽ ആദ്യമായി കിരീടം നേടിയ കേരള ക്ളബായ ഗോകുലം കേരള എഫ്.സിയുടെ താരങ്ങൾ ട്രോഫിയുമായി ഇന്നലെ കൊൽക്കത്തയിൽ നിന്ന് കേരളത്തിലേക്ക് പറന്നിറങ്ങി. ഇന്നലെ ഉച്ചയോടെ കൊൽക്കത്തയിൽ നിന്ന് തിരിച്ച ടീം ചെന്നൈ വഴിയാണ് കരിപ്പൂരിൽ രാത്രി 7.50ഓടെ വിമാനമിറങ്ങിയത്. വിമാനത്താവളത്തിൽ നിന്ന് പുറത്തേക്കുവന്ന ടീമിനെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആരാധകർ സ്വീകരിച്ചു.
കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നടന്ന അവസാന മത്സരത്തിൽ ട്രാവു എഫ്.സിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്താണ് ഗോകുലം ഐ ലീഗ് ചാമ്പ്യന്മാരായത്. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ ഒരു ഗോൾ വഴങ്ങിയതിന് ശേഷമാണ് നാലുഗോളുകളും ഗോകുലം അടിച്ചുകൂട്ടിയത്. 70-ാം മിനിട്ടിന് ശേഷമായിരുന്നു ഗോകുലത്തിന്റെ എല്ലാഗോളുകളും.ഷെരീഫ് മുഖമ്മദ്,എമിൽ ബെന്നി,ഡെന്നിസ് ആന്റ്‌വി,മുഹമ്മദ് റാഷിദ് എന്നിവരാണ് ചാമ്പ്യൻമാർക്ക് വേണ്ടി ഗോളുകൾ നേടിയത്.
കൊൽക്കത്തയിൽ ബയോ സെക്യുവർ ബബിളിനുള്ളിലായി നടത്തിയ ലീഗിൽ 15 മത്സരങ്ങളിൽ 29 പോയിന്റ് നേടിയാണ് ഗോകുലം ജേതാക്കളായത്. ഒൻപത് വിജയങ്ങളാണ് മലബാറിയൻസ് നേടിയത്. രണ്ട് മത്സരങ്ങൾ സമനില വഴങ്ങിയപ്പോൾ നാലെണ്ണത്തിൽ തോറ്റു. രണ്ടാം സ്ഥാനക്കാരായ ചർച്ചിൽ ബ്രദേഴ്സിനും 29 പോയിന്റുണ്ടായിരുന്നെങ്കിലും ഗോകുലവുമായുള്ള നേർക്കുനേർപോരാട്ടത്തിൽ തോറ്റത് അവർക്ക് കിരീടനഷ്‌ടത്തിന് ഇടയാക്കി. ആറ് ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ പ്ളേ ഓഫ് റൗണ്ടിൽ നാലു വിജയങ്ങൾ നേടിയതാണ് ഗോകുലത്തിന് തുണയായത്.
ഇറ്റലിക്കാരനായ യുവ പരിശീലകൻ വിൻസൻഷ്യോ ആൽബർട്ടോ അന്നിസാണ് ഈ അതുല്യനേട്ടത്തിന്റെ പ്രധാന ശിൽപ്പി. ഘാനക്കാരനായ മുഹമ്മദ് അവാലാണ് ക്യാപ്ടന്റെ ആംബാൻഡ് അണിഞ്ഞത്. ഒപ്പം വിദേശ താരങ്ങളായ ഡെന്നിസ് ആന്റ്‌വി,മുഖമ്മദ് ഷരീഫ് ,മലയാളി താരം എമിൽ ബെന്നി തുടങ്ങിയവർ കാഴ്ചവച്ച ഗംഭീര പ്രകടനം ടീമിനെ ചരിത്രത്തിലേക്ക് നയിച്ചു.ഡുറൻഡ് കപ്പും ഐ ലീഗും നേടുന്ന ഏക കേരള ക്ളബായ ഗോകുലം എ.എഫ്.സി കപ്പ് പ്രവേശനം നേടിയും ചരിത്രം സൃഷ്ടിച്ചു. ഒരേ സമയം പുരുഷ വനിതാ ദേശീയ ലീഗുകളിൽ ചാമ്പ്യന്മാരാകുന്ന ആദ്യ ഇന്ത്യൻ ക്ളബാണ് ഗോകുലം. കഴിഞ്ഞ വർഷമാണ് ഗോകുലത്തിന്റെ വനിതാ ടീം ദേശീയ കിരീടം നേടിയത്.
ഇന്ന് വൈകിട്ട് ഗോകുലം കേരള താരങ്ങൾ ട്രോഫിയുമായി മാദ്ധ്യമപ്രവർത്തകരോട് സംവദിക്കാൻ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലെത്തും.